ഉയർന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും ഉള്ളതിനാൽ മുട്ടയുടെ വെള്ളയ്ക്കാണ് പലപ്പോഴും പ്രാധാന്യം കൊടുക്കാറുള്ളത്. എന്നാൽ, പേശികളുടെ വളർച്ചയുമായി ബന്ധപ്പെടുത്തുമ്പോൾ മുഴുവൻ മുട്ട ഗുണം ചെയ്യുമെന്നാണ് പുതിയ ശാസ്ത്രം തെളിയിക്കുന്നത്.
രണ്ടിലും ഒരേ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിൽ പോലും മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നതിനേക്കാൾ മുഴുവൻ മുട്ടയായി കഴിക്കുന്നതാണ് പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നതെന്ന് 2017-ൽ നടത്തിയ ഒരു പഠനം കാണിക്കുന്നു. മുട്ടയുടെ വെള്ളയിൽ പ്രധാനമായും ആൽബുമിൻ അടങ്ങിയിട്ടുണ്ട്, ഇത് പേശികളുടെ വീണ്ടെടുക്കലിന് ഉത്തമമായ ഉയർന്ന നിലവാരമുള്ള പ്രോട്ടീനാണ്. എന്നിരുന്നാലും, മഞ്ഞക്കരുവിൽ കാണപ്പെടുന്ന പല പോഷകങ്ങളും അവയിൽ ഇല്ല. മഞ്ഞക്കരു സമ്പന്നമായ ഒരു പോഷക കേന്ദ്രമാണ്.
ഹോർമോൺ നിയന്ത്രണത്തിനും പോഷകങ്ങളുടെ ആഗിരണത്തിനും സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുണ്ട്. ഇവയിലെ കോളിൻ, സെലിനിയം തുടങ്ങിയ സൂക്ഷ്മ പോഷകങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിനും, നാഡികളുടെ പ്രവർത്തനത്തിനും, ആന്റിഓക്‌സിഡന്റ് സംരക്ഷണത്തിനും പ്രധാനമാണ്. ഫോസ്ഫോളിപിഡുകൾ കോശഘടനയെയും വ്യായാമത്തിനു ശേഷമുള്ള വീണ്ടെടുക്കലിനെയും പിന്തുണയ്ക്കുന്നു. മഞ്ഞക്കരു കഴിക്കുമ്പോൾ നിങ്ങളുടെ പേശികൾ പ്രോട്ടീൻ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നു.
മുട്ടയിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് അവയെ ഒരു സമ്പൂർണ പ്രോട്ടീനാക്കി മാറ്റുന്നു. മുട്ടയുടെ വെള്ളയിലും ഈ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ടെങ്കിലും, മഞ്ഞക്കരുവിലെ കൊഴുപ്പുകളുടെയും വിറ്റാമിനുകളുടെയും സാന്നിധ്യം അവയുടെ ആഗിരണവും ഉപയോഗവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് പേശികളുടെ വളർച്ചയ്ക്ക് കൂടുതൽ സഹായികരമാകുന്നു.
അത്‌ലറ്റുകളോ ബോഡി ബിൽഡർമാരുമായോ പലപ്പോഴും മുഴുവനായും മുട്ട കഴിക്കാറുണ്ടെങ്കിലും, മറ്റുള്ളവർക്കും അവ ഗണ്യമായ ആരോഗ്യ ഗുണങ്ങൾ നൽകുന്നു. മുഴുവൻ മുട്ടയുടെ മിതമായ ഉപഭോഗം മിക്ക ആളുകൾക്കും സുരക്ഷിതവും പോഷകപ്രദവുമാണെന്ന് സമീപകാല ഗവേഷണങ്ങൾ കാണിക്കുന്നു. പ്രായമായവർക്ക്, മുഴുവൻ മുട്ട ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ നൽകുന്നു, ഇത് പ്രായവുമായി ബന്ധപ്പെട്ട പേശികളുടെ നഷ്ടം (സാർകോപീനിയ) തടയുന്നു. അതുപോലെ തന്നെ വിറ്റാമിൻ ഡി, കോളിൻ, ബി 12 തുടങ്ങിയ പ്രധാന പോഷകങ്ങളും തലച്ചോറിന്റെ പ്രവർത്തനം, അസ്ഥികളുടെ ശക്തി എന്നിവയെ പിന്തുണയ്ക്കുന്നു.
പ്രായമായവർക്ക് ശക്തി നിലനിർത്താനും, പ്രതിരോധശേഷി മെച്ചപ്പെടുത്താനുമുള്ള ഒരു മാർഗമാണ് സമീകൃതാഹാരത്തിൽ ഒന്നോ രണ്ടോ മുഴുവനായും മുട്ടകൾ ഉൾപ്പെടുത്തുന്നത്. പ്രത്യേക രോഗാവസ്ഥകളുള്ളവർ അവരുടെ ഡോക്ടറുമായി സംസാരിച്ചശേഷം മാത്രം മുട്ട കഴിക്കുക. പൊതുവെ മിക്കവർക്കും, മുട്ട കഴിക്കുന്നതിനെ ഭയപ്പെടേണ്ടതില്ല.