മഹാ’രാഷ്‌ട്രീയം’ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. വർഷങ്ങളുടെ വൈര്യം മറന്ന് താക്കറെ സഹോദരങ്ങള്‍ ബിജെപിയുടെ ത്രിഭാഷാ നയത്തിനെതിരെ ഒന്നിക്കുമ്പോള്‍ സംസ്ഥാന രാഷ്‌ട്രീയത്തിൽ പുതിയ അദ്ധ്യായം തന്നെ തുറന്നു.ഒന്നും രണ്ടും വർഷത്തെ ശത്രുതയ്‌ക്കല്ല തിരശീല വീണിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് താക്കറെ സഹോദരങ്ങളുടെ പിളർപ്പിന്.2005ലാണ് രാഷ്‌ട്രീയപരമായും അല്ലാതെയും മഹാരാഷ്‌ട്രൻ രാഷ്‌ട്രീയത്തിൻ്റെ അച്ചുതണ്ടുകളായിരുന്ന താക്കറെ സഹോദരങ്ങള്‍ പിരിയുന്നത്. അതേസമയംശിവസേനയിലെ ഉദ്ധവ് ധാക്കറെ വിഭാഗത്തില്‍ നിന്നുള്ള നിരവധി എംഎല്‍എമാരും എംപിമാരും തന്നെ ബന്ധപ്പെട്ടുവെന്ന അവകാശവാദവുമായി മുതിർന്ന ബിജെപി നേതാവ് ഗിരീഷ് മഹാജൻ രംഗത്തെത്തിയത് വീണ്ടും സംശയങ്ങൾക്ക് വഴിയൊരുക്കുകയാണ്.താക്കറെയുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും അതിനാല്‍ അദ്ദേഹത്തിൻ്റെ വിഭാഗത്തിലുള്ള നേതാക്കള്‍ തങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.
താൻ പറയുന്ന ഈ കാര്യം ഇപ്പോള്‍ നിങ്ങളാരും വിശ്വസിക്കുന്നില്ലെന്ന് തനിക്കറിയാം, പക്ഷേ ഉടൻ തന്നെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി. ഉദ്ധവ് താക്കറെ അഭിപ്രായങ്ങളിൽ നിന്ന് യുടേൺ എടുക്കുന്നയാളാണെന്നും പെരുമാറ്റം അപക്വമാണെന്നും മഹാരാഷ്‌ട്രയിൽ ത്രിഭാഷാ നയം നടപ്പിലാക്കുന്നതിനെ ചൊല്ലിയുളള വിവാദങ്ങള്‍ തുടരുന്നതിനിടെ ഗിരീഷ് മഹാജൻ പറഞ്ഞു. മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) തലവനായ രാജ് താക്കറെയും സഹോദരൻ ഉദ്ധവ് താക്കറെയും രണ്ട് പതിറ്റാണ്ടിനുശേഷം വീണ്ടും ഒന്നിച്ചത് കഴിഞ്ഞ ദിവസം ചർച്ചയ്ക്ക് വഴി വച്ചിരുന്നു.
ഒന്ന് മുതൽ 12 വരെയുളള ക്ലാസുകളിൽ ത്രിഭാഷാ നയം അവതരിപ്പിക്കാനുള്ള ഡോ. രഘുനാഥ് മഷേൽക്കർ കമ്മിറ്റിയുടെ ശുപാർശകൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ അംഗീകരിച്ചിരുന്നു. നയം നടപ്പിലാക്കുന്നതിനായി പ്രത്യേകം കമ്മിറ്റി രൂപീകരിച്ചിരുന്നുവെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. എന്നാൽ മഷേൽക്കർ പാനലിൻ്റെ നിർദേശാനുസരണം പഠന കമ്മിറ്റി കൃതൃമായ യോഗം പോലും നടത്തിയില്ലെന്ന് ഉദ്ധവ് ധാക്കറെ ആരോപിച്ചിരുന്നു.
“ഹിന്ദി നടപ്പാക്കാനുള്ള തീരുമാനം ഉദ്ധവ് താക്കറെ സർക്കാരാണ് അംഗീകരിച്ചത്. മന്ത്രിസഭ പ്രമേയം പാസാക്കിയിരുന്നു. ഒരിക്കൽ അദ്ദേഹം പിന്തുണച്ച തീരുമാനത്തെയാണ് ഇപ്പോൾ അദ്ദേഹം എതിർക്കുന്നത്,” മഹാജൻ കൂട്ടിച്ചേർത്തു. “നിലവിലെ സർക്കാരിനെ എതിർക്കാൻ മാത്രമാണ് ഉദ്ധവ് ധാക്കറെ നിലപാട് മാറ്റിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ എത്രമാത്രം പൊതുജനവിശ്വാസമുണ്ടെന്ന് കാണിക്കും.” മഹാജൻ പറഞ്ഞു. ഉദ്ധവ് താക്കറെ പിതാവ് ബാൽ താക്കറെയുടെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചുവെന്നും മഹാജൻ ആരോപിച്ചു.
മഹാരാഷ്‌ട്രയിലെ വോർലിയിൽ നടന്ന “അവാജ് മറാത്തിച്ച” റാലിയിൽ മഹാരാഷ്ട്രയുടെ നിർബന്ധിത ഹിന്ദി ഭാഷാ നയത്തിൽ പ്രതിഷേധിച്ച് ഏകദേശം 20 വർഷത്തിനിടെ ആദ്യമായാണ് ഉദ്ധവ് താക്കറെയും രാജ് താക്കറെയും കസിൻസും പരസ്യമായി ഒരുമിച്ച് നിൽക്കുന്നത്. മറാത്തി ഭാഷ സംരക്ഷിക്കുന്നതിനായി ഐക്യം സ്വീകരിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്‌തിരുന്നു. ഇതോടെ വരുന്ന തെരഞ്ഞെടുപ്പില്‍ മറാത്തി വോട്ടുകള്‍ ഏകീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശിവസേന ഉദ്ധവ് വിഭാഗം.