ഹംഗറിയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ബുഡാപെസ്റ്റ്. കൂടാതെ ബുഡാപെസ്റ്റ് ഹംഗറിയുടെ തലസ്ഥാനം കൂടിയാണ്. ചരിത്രവും കലയും പ്രകൃതിയും ചേർന്ന കാഴ്ചകളുടെ നഗരമാണ് ഇവിടം. ബുഡാപെസ്റ്റ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയങ്ങൾ മാർച്ച് മുതൽ മെയ് വരെയും സെപ്റ്റംബർ മുതൽ നവംബർ വരെയുമാണ്. വേനൽക്കാലത്ത് നഗരത്തിൽ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കായിരിക്കും.
നഗര ജനസംഖ്യയുടെ അടിസ്ഥാനത്തിൽ യൂറോപ്യൻ യൂണിയനില്‍ത്തന്നെ ഒമ്പതാമത്തെ സ്ഥാനമാണ് ഇതിനുള്ളത്. ബുഡ, ഒബുഡ, പെസ്റ്റ് എന്നീ പ്രത്യേക പട്ടണങ്ങൾ 1873-ൽ ഔദ്യോഗികമായി ഏകീകരിക്കപ്പെട്ടാണ് ബുഡാപെസ്റ്റ് ആയി മാറിയത്. ചരിത്രകാലത്തോളം നീളുന്ന നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. ഡാന്യൂബ് നദിക്കരയിലുള്ള ബുഡാപെസ്റ്റിന്‍റെ മധ്യഭാഗം യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണ്. 268 മീറ്റർ നീളമുള്ള, ഹംഗറിയിലെ ഏറ്റവും വലിയ കെട്ടിടമായ നിയോ -ഗോഥിക് പാർലമെന്റും ബുഡ കാസിലും ഉൾപ്പെടെ ക്ലാസിക്കൽ വാസ്തുവിദ്യയുടെ ശ്രദ്ധേയമായ നിരവധി സ്മാരകങ്ങള്‍ ഇവിടെയുണ്ട്.
കൂടാതെ, ഏകദേശം 80 നീരുറവകൾ, രണ്ടാമത്തെ വലിയ സിനഗോഗ്, ഹംഗറിയിലെ ആദ്യത്തെ രാജാവായ വിശുദ്ധ സ്റ്റീഫന്‍റെ വിശുദ്ധ വലംകൈ പ്രദർശിപ്പിച്ചിരിക്കുന്ന നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മതപരമായ കെട്ടിടമായ സെന്റ് സ്റ്റീഫൻസ് ബസിലിക്ക എന്നിവയും ഇവിടെയുണ്ട്. റോമൻ അവശിഷ്ടങ്ങളുള്ള അക്വിങ്കം മ്യൂസിയം, ചരിത്രപരമായ ഫർണിച്ചറുകള്‍ സൂക്ഷിച്ചിരിക്കുന്ന കാസിൽ മ്യൂസിയം, ഹൗസ് ഓഫ് ടെറർ മ്യൂസിയം എന്നിവയും കാണേണ്ട കാഴ്ചകളാണ്. എഴുനൂറ് വർഷം പഴക്കമുള്ള മത്തിയാസ് പള്ളിയാണ് ബുഡാപെസ്റ്റിലെ മറ്റൊരു ആകര്‍ഷണം.
തലസ്ഥാനത്തെ പാലങ്ങളാണ് മറ്റൊരു കാഴ്ച; ഏഴ് പാലങ്ങൾ ഡാന്യൂബിനു മുകളിലൂടെ കടന്നുപോകുന്നു. പലതരം ഔട്ട്ഡോർ പ്രവർത്തനങ്ങളും കാഴ്ചകളുമുള്ള പാര്‍ക്കുകളും മനോഹരമായ ദ്വീപുകളുമെല്ലാം ബുഡാപെസ്റ്റിനെ വേറിട്ട് നിര്‍ത്തുന്നു.
പ്രതിവർഷം ഏകദേശം 12 ദശലക്ഷം രാജ്യാന്തര വിനോദസഞ്ചാരികൾ ഈ കാഴ്ചകളും അനുഭവങ്ങളും തേടി ബുഡാപെസ്റ്റില്‍ എത്തുന്നുവെന്നാണ് കണക്ക്. ബുഡാപെസ്റ്റ് നഗരമധ്യത്തില്‍നിന്നു 16 കിലോമീറ്റർ അകലെയാണ് ബുഡാപെസ്റ്റ് ഫെറൻക് ലിസ്റ്റ് ഇന്റർനാഷനൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. മധ്യ കിഴക്കൻ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഇത് ഹംഗേറിയൻ സംഗീതസംവിധായകനായ ഫ്രാൻസ് ലിസ്റ്റിന്‍റെ പേരിലാണ് അറിയപ്പെടുന്നത്.