ട്രംപ് ലോകം തന്നെ താരിഫ് കരാറിൽ കുടുക്കിയിരിക്കുകയാണ്. എതിർ ശബ്ദങ്ങളെ താരിഫ് ഭീഷണിയിൽ കുടുക്കുന്ന അമേരിക്കൻ പ്രസിഡന്റ് ബ്രിക്സ് കൂട്ടായ്മയ്ക്ക് നേരേയും തന്റെ അമ്പ് തൊടുത്തിരിക്കുകയാണ്. ബ്രിക്സ് കൂട്ടായ്മയുടെ “അമേരിക്കൻ വിരുദ്ധ നയങ്ങൾ” എന്ന് വിളിക്കുന്ന ഏതൊരു രാജ്യവും 10 ശതമാനം അധിക തീരുവ നേരിടേണ്ടിവരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുന്നു. “ബ്രിക്‌സിന്റെ അമേരിക്കൻ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ഈടാക്കും. ഈ നയത്തിന് ഒരു അപവാദവുമില്ല. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തിയതിന് നന്ദി!” ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ എഴുതി.
എന്നിരുന്നാലും, “അമേരിക്കൻ വിരുദ്ധ” നയങ്ങൾ ഏതൊക്കെയാണെന്ന് യുഎസ് പ്രസിഡന്റ് ഇത് വരെ വ്യക്തമാക്കിയിട്ടില്ല.2009 ൽ രൂപീകൃതമായ ബ്രിക്സ്, ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിവയെ ഒന്നിപ്പിച്ചു, പിന്നീട് ദക്ഷിണാഫ്രിക്കയും ചേർന്നു. കഴിഞ്ഞ വർഷം ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയെ ഉൾപ്പെടുത്തി ഗ്രൂപ്പ് വികസിക്കുകയായിരുന്നു.
ഇറാനെതിരായ സമീപകാല സൈനിക ആക്രമണങ്ങളെ അപലപിച്ചും അമേരിക്കയുടെ ഏകപക്ഷീയമായ താരിഫ് വർദ്ധനവിനെ വിമർശിച്ചും ബ്രിക്സ് രാജ്യങ്ങൾ ഞായറാഴ്ച സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഭീകരവാദം, ആഗോള വ്യാപാരം, സ്ഥാപന പരിഷ്കാരങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആഗോള വിഷയങ്ങളിൽ തങ്ങളുടെ കൂട്ടായ നിലപാട് വിശദീകരിക്കുന്ന “റിയോ ഡി ജനീറോ പ്രഖ്യാപനവും” ഗ്രൂപ്പ് പുറത്തിറക്കി.
ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ, ഇന്തോനേഷ്യ തുടങ്ങിയ പുതുതായി ചേർന്ന അംഗങ്ങൾ ഉൾപ്പെടെ 11 രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് ബ്ലോക്കിന്റെ നേതാക്കൾ, “വിവേചനരഹിതമായ താരിഫ് വർദ്ധനവ്” എന്ന് വിശേഷിപ്പിച്ചതിനെ അപലപിച്ചു, അത്തരം നടപടികൾ ആഗോള വ്യാപാര, സാമ്പത്തിക സഹകരണത്തെ അസ്ഥിരപ്പെടുത്തുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. തീരുവയിലൂടെ പ്രതികാരത്തിന് മുതിരുന്ന ട്രംപിന്റെ നടപടി വലിയ വ്യാപാര യുദ്ധത്തിൽ കലാശിക്കുമോയെന്ന ആശങ്കയിലാണ് ലോകം.