കേരളത്തിന്റെ അഭിമാനമായിരുന്ന ഉന്നത വിദാഭ്യാസരംഗത്തെയും ഈ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി. സര്‍വകലാശാലകളെ സംഘര്‍ഷഭരിതമാക്കുന്നത് വിദ്യാര്‍ഥികളയും രക്ഷകര്‍ത്താക്കളേയും ഒരു പോലെ ആശങ്കയിലാക്കുമെന്നത് മറക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരും രാജ്ഭവനും തമ്മില്‍ കുറേക്കാലമായി ആരംഭിച്ച അധികാര തര്‍ക്കങ്ങള്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ അനിശ്ചിതത്വലാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന അധികാര തര്‍ക്കങ്ങളും സംഘര്‍ഷങ്ങളുടെയും തുടര്‍ച്ചയാണ് കേരള സര്‍വകലാശാലയില്‍ ഇപ്പോള്‍ നടക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ത്തതില്‍ സര്‍ക്കാരിനും രാജ്ഭവനും ഒരു പോലെ പങ്കുണ്ട്.
കാലഘട്ടത്തിന് അനുസരിച്ചുള്ള അക്കാദമിക് പരിഷ്‌ക്കാരങ്ങള്‍ നടത്തുന്നതിന് പകരം സര്‍വകലാശാലകളെയും കോളജുകളെയും എ.കെ.ജി സെന്ററിന്റെ ഡിപ്പാര്‍ട്ട്മെന്റുകളാക്കുകയെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്. മറുഭാഗത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിലും സിലബസിലും കാവിവത്ക്കരണമാണ് സംഘ്പരിവാറും ലക്ഷ്യമിടുന്നത്. ഉന്നത പഠനത്തിനായി നമ്മുടെ കുട്ടികള്‍ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകുന്നതിന് കാരണവും നിലവാരത്തകര്‍ച്ചയാണ്. നമ്മുടെ കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം. അത് തുടര്‍ന്നാല്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ല.
സംസ്ഥാനത്ത് ഭൂരിഭാഗം സര്‍വകലാശാലകളിലും വി.സി മാരില്ല. അവിടെയെല്ലാം ഇന്‍ ചാര്‍ജ് ഭരണമാണ് നടക്കുന്നത്. സര്‍വകലാശാലകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും രാഷ്ട്രീയ നാടകങ്ങളുടെ വേദിയാക്കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാരും രാജ്ഭവനും തയാറാകണം. ആര്‍.എസ്.എസിനും ബി.ജെ.പിക്കും വേണ്ടി രാഷ്ട്രീയം കളിക്കാന്‍ ഇറങ്ങുന്ന ഗവര്‍ണര്‍ ഭരണഘടന നിശ്ചയിച്ചിരിക്കുന്ന അധികാരങ്ങളും അതിര്‍വരമ്പുകളും മറക്കരുത്. ഡല്‍ഹിയിലെ യജമാനന്‍മാരെ പ്രീതിപ്പെടുത്താന്‍ പരിധിവിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണര്‍ക്ക് വഴങ്ങിക്കൊടുത്തതിന്റെ പരിണിതഫലമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.
CONTENT HIGH LIGHTS; The government and the governor have destroyed the higher education sector; Don’t turn universities into a stage for political drama; History will not forgive you if you don’t stop politics that forgets the future of children