Kerala

തെരുവുനായ അക്രമം അമര്‍ച്ച ചെയ്യാന്‍ വിദഗ്ദാഭിപ്രായം തേടി മനുഷ്യാവകാശ കമ്മീഷന്‍: ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി ആവശ്യമെന്നും കമ്മീഷന്‍

സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടയില്‍ 1.65 ലക്ഷം ആളുകള്‍ക്ക് തെരുവുനായയുടെ കടിയേല്‍ക്കുകയും 17 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പേവിഷബാധ കാരണമുള്ള മരണം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു കര്‍മ്മസേനക്ക് രൂപം നല്‍കണമെന്ന വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ജേക്കബ് ജോണിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനാവശ്യമായ പദ്ധതി രൂപരേഖ തയ്യറാക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.

തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം വിധിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശാനുസരണം നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍/കമ്മറ്റിയുടെ സേവനം അത്യന്താപേക്ഷിതമാണെന്നും ഇതിന്റെ പ്രവര്‍ത്തനം തുടരുന്നുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഒരു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പേവിഷബാധ കാരണമുള്ള മരണങ്ങള്‍ക്ക് കടിഞ്ഞാണിടാനും തെരുവുനായ ശല്യം അമര്‍ച്ച ചെയ്യാനും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് കമ്മീഷന്‍ നടപടി ആരംഭിച്ചത്. വനം, കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ആരോഗ്യം എന്നീ വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കര്‍മ്മസേനക്ക് രൂപം നല്‍കണമെന്നാണ് ഡോ. ജേക്കബ് ജോണ്‍ നിര്‍ദ്ദേശിച്ചത്. ഇതിന്റെ മേധാവിയായി ആരോഗ്യ മേഖലയിലെ വിദഗ്ദ്ധനെ നിയോഗിക്കണം. സെക്രട്ടറിയായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ് വാന്‍സ്ഡ് വൈറോളജിയെയും കര്‍മ്മസേനയില്‍ ഉള്‍പ്പെടുത്തണമെന്നും ഡോ. ജേക്കബ് ജോണ്‍ നിര്‍ദ്ദേശിച്ചിരുന്നു.

വ്യക്തമായ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ 5 വര്‍ഷംകൊണ്ട് ജനങ്ങളെ പേവിഷബാധനയില്‍ നിന്നും മുക്തമാക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് അടിയന്തരമായി സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നല്‍കണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. കര്‍മ്മസേന രൂപീകരിക്കുന്നതിനുള്ള വിശദമായ കര്‍മ്മപദ്ധതി ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ഡോ. ജേക്കബ് ജോണിനോട് അഭ്യര്‍ത്ഥിച്ചു. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന രീതിയും റിപ്പോര്‍ട്ടില്‍ വിശദമാക്കണം. പേവിഷബാധ നിയന്ത്രിക്കുന്നതിനും തെരുവുനായ ആക്രമണം തടയുന്നതിനും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ തദ്ദേശസ്വയംഭരണം വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് സുപ്രീം കോടതി പാസാക്കിയ ഉത്തരവും സര്‍ക്കാര്‍ ഹാജരാക്കണം. അഡീഷണല്‍ ചീഫ് സെക്രട്ടറി നിയോഗിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഓഗസ്റ്റ് 7ന് രാവിലെ 10ന് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരാകണം. ഡോ. ജേക്കബ് ജോണിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കമ്മീഷന്‍ കേള്‍ക്കും.

CONTENT HIGH LIGHTS; Human Rights Commission seeks expert opinion to curb street violence: Justice Sirijagan committee needed, says commission