കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് ഒരാൾ മരിക്കാൻ ഇടയായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സംവിധാനങ്ങളുട അനാസ്ഥയിലും തെരച്ചിൽ വൈകിപ്പിച്ച ആരോഗ്യമന്ത്രി വീണ ജോർജിന്റെ നടപടിയിലും പ്രതിഷേധിച്ച് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പ്രതിഷേധ ജ്വാല’ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കുള്ള ശക്തമായ താക്കീതായി. ദുരന്തത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ കുടുംബസഹായാർത്ഥം സ്വരൂപിക്കുന്ന ‘സഹായ നിധി’യുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു.
ശ്രീമതി. ബിന്ദുവിന് അനുശോചനം അറിയിച്ചുകൊണ്ട് ആരംഭിച്ച പരിപാടി കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഐ ഒ സി (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, പരിപാടിയുടെ കോർഡിനേറ്ററും യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ സൈമൺ ചെറിയാൻ, യൂണിറ്റ് ട്രഷറർ ജെനു എബ്രഹാം തുടങ്ങിയവർ ‘പ്രതിഷേധ ജ്വാല’യിൽ പങ്കെടുത്തു സംസാരിച്ചു. വൈസ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, സ്കോട്ട്ലന്റ്യൂണിറ്റ് പ്രസിഡന്റ് മിഥുൻ തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്തു സംസാരിച്ചു.
പ്രതിഷേധ സൂചകമായി തെളിച്ച ദീപങ്ങൾ കൈകളിലേന്തി സംസ്ഥാന സർക്കാരിന്റെയും ആരോഗ്യമന്ത്രിയുടെയും കെടുകാര്യസ്ഥതയ്ക്കും അനാസ്ഥയ്‌ക്കെതിരെയുമുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വനിതാ പ്രവർത്തകർ അടങ്ങുന്ന ഐ ഒ സി (യു കെ) സംഘം ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചത്. മനുഷ്യജീവനെ പന്താടുന്ന നയം സർക്കാർ തുടർന്നാൽ പ്രതിഷേധം കൂടുതൽ കനക്കുമെന്നും ‘പ്രതിഷേധ ജ്വാല’ തീ പന്തമായിമാറുമെന്ന താക്കീതും സംഘം നൽകി.
പരിപാടികളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനായി പങ്കെടുക്കുന്നതിനുള്ള സാഹചര്യം സംഘാടകർ ഒരുക്കിയിരുന്നു.
പരിപാടിയോടാനുബന്ധിച്ച് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു.
നേരത്തെ ഒ ഐ സി സിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന പീറ്റർബൊറോ യൂണിറ്റ് കഴിഞ്ഞ ദിവസം നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐ ഒ സി യൂണിറ്റായി മാറ്റപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഭാരവാഹികൾക്ക് കൈമാറി. കേരള ചാപ്റ്റർ മിഡ്ലാന്റസ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും പീറ്റർബൊറോ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ.
യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയൻ, വൈസ് പ്രസിഡന്റ് ജിജി ഡെന്നി, ട്രഷറർ ജെനു എബ്രഹാം, ജോയിന്റ് സെക്രട്ടറി സിബി അറക്കൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു, അംഗങ്ങളായ ഡെന്നി ജേക്കബ്, ആഷ്‌ലി സൂസൻ ഫിലിപ്പ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
STORY HIGHLIGHT: hospital building collapse Protest flame organized by IOC (UK)