ആദ്യമായി ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കിയപ്പോൾ സ്‌മാർട്ട്‌ഫോൺ ആരാധകർ അതിനെ വലിയ അത്ഭുതത്തോടെയാണ് കണ്ടത്. എന്നാൽ പിന്നീടങ്ങോട്ട് പല കമ്പനികളും അവരുടെ രണ്ടായി മടക്കാവുന്ന ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കിയതോടെ അത് സാധാരണമായി മാറി. ഇപ്പോൾ ചർച്ച നടക്കുന്നത് ട്രൈ ഫോൾഡബിൾ അഥവാ മൂന്നായി മടക്കാവുന്ന ഫോണുകളെ കുറിച്ചാണ്.
ചൈനീസ് സ്‌മാർട്ട്‌ഫോൺ കമ്പനിയായ ഹുവായ് ട്രൈ ഫോൾഡ് ഫോണുമായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിലാണ് കമ്പനി ഹുവായ് മാറ്റ് XT അൾട്ടിമേറ്റ് എന്ന പേരിൽ ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് സ്‌മാർട്ട്‌ഫോൺ പുറത്തിറക്കിയത്. എന്നാൽ ഇന്ത്യയിൽ ഈ ഫോൺ പുറത്തിറക്കുന്നതിനെ കുറിച്ച് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ വിപണിയിൽ ഫോണുകൾ വിൽക്കുന്നതിന് സർക്കാർ നിയന്ത്രണങ്ങൾ ഉള്ളതിനാൽ തന്നെ ഹുവായ് മാറ്റ് XT അൾട്ടിമേറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ല.
അതിനാൽ തന്നെ സ്‌മാർട്ട്‌ഫോൺ പ്രേമികൾ കാത്തിരിക്കുന്നത് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങിന്‍റെ ട്രൈ ഫോൾഡ് ഫോണിന്‍റെ വരവിനായാണ്. സാംസങിന്‍റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റായ വൺ യുഐയിലൂടെ കമ്പനി ഇതിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ നിലവിലെ മടക്കാവുന്ന ഫോൺ നിരയിൽ നിന്ന് തികച്ചും വ്യത്യസ്‌തമായ ഫോൾഡബിൾ ഉപകരണമാണ് വെളിപ്പെടുത്തിയത്.
മൾട്ടി-ഫോൾഡ് ഡിസൈൻ കാണിക്കുന്ന ചില ആനിമേഷനുകൾ ഫോൺ വിദഗ്‌ധർ കണ്ടിരുന്നു. ഇത് സാംസങ് ആദ്യത്തെ ട്രൈ-ഫോൾഡബിൾ ഫോൺ ഉടൻ പുറത്തിറക്കാനൊരുങ്ങുന്നുവെന്ന് സൂചിപ്പിക്കുന്നതാണ്. ആൻഡ്രോയിഡ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വൺ യുഐ 8 അപ്‌ഡേറ്റിൽ രണ്ട് ഹിഞ്ചുകൾ ഉള്ളിലേക്ക് ജി-ആകൃതിയിൽ മടക്കിക്കളയുന്ന ഉപകരണം കാണിക്കുന്ന ചില ആനിമേഷനുകൾ ഉണ്ട്. സാംസങ് ഗാലക്‌സി Z ഫോൾഡ് അല്ലെങ്കിൽ ഫ്ലിപ്പ് ലൈനപ്പ് പോലുള്ള സാംസങിന്‍റെ നിലവിലുള്ള മടക്കാവുന്ന ഫോണുകളിൽ നിന്ന് തികച്ചും വ്യത്യസ്‌തമായ ഘടനയാണ് ഫോണിനുള്ളത്.
അപ്‌ഡേറ്റിൽ കാണുന്ന ആനിമേഷനുകൾ സാംസങിന്‍റെ ഈ ഉപകരണം മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നതായി കാണിക്കുന്നു. ഇടത് പാനലിൽ ട്രിപ്പിൾ-ലെൻസ് ക്യാമറ സജ്ജീകരണമുണ്ട്. മധ്യഭാഗത്ത് മുൻവശത്തെ ക്യാമറയും ഡിസ്‌പ്ലേയും ഉണ്ട്. അതേസമയം മൂന്നാമത്തെയും വലതുവശത്തെയും പാനലിൽ ഡിസ്‌പ്ലേ ഇല്ലാത്തതായി തോന്നുന്നു. വലത് പാനൽ ക്ലോസ് ചെയ്‌ത് മടക്കാനായാകും ഈ രൂപകൽപ്പന.
സാംസങ് ഡിസ്‌പ്ലേയിൽ നിന്നുള്ള “ഫ്ലെക്സ് ജി” എന്ന് വിളിക്കപ്പെടുന്ന പഴയ പ്രോട്ടോടൈപ്പിനോട് സമാനമായ ഫോൾഡബിൾ ശൈലിയാണ് ഇതിനുള്ളത്. ഹുവായുടെ ട്രൈ-ഫോൾഡ് മോഡലിൽ നിന്ന് വ്യത്യസ്‌തമാണ് സാംസങിന്‍റെ പുതിയ ഉപകരണം. ഹിംഗുകളിൽ ഒന്ന് പുറത്തേക്ക് പുറത്തേക്ക് വരുന്ന S-ആകൃതിയിൽ മടക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.