രണ്ട് വര്‍ഷം മുന്‍പ് പിന്‍വലിച്ചിട്ടും മുഴുവനും തിരികെയെത്താതെ 2,000 രൂപയുടെ നോട്ടുകള്‍ ഇനിയും ജനങ്ങളുടെ കൈവശമുണ്ടെന്ന് ആർബിഐ പറയുന്നു. റിപ്പോർട്ട് പ്രകാരം 6,099 കോടി രൂപയുടെ കറന്‍സികള്‍ ഇപ്പോഴും വിപണിയിൽ കറങ്ങുന്നുണ്ട്.വിനിമയ മൂല്യം ഇല്ലാതിരുന്നിട്ടും ഇത്രയും നോട്ടുകള്‍ എവിടെ എന്നത് ഇപ്പോഴും ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമായി തുടരുന്നു. ആര്‍ബിഐ ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക കണക്കുകളിലാണ് 6,099 കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്നത്.
2016 നവംബര്‍ 8 നാണ് റിസര്‍വ്വ് ബാങ്ക് 2000 രൂപ നോട്ട് പുറത്തിറക്കിയത്. അഴിമതി, കള്ളപ്പണം, വ്യാജ കറന്‍സി എന്നിവ തടയുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ നടപടികളുടെ ഭാഗമായിരുന്നു പുതിയ നോട്ടുകള്‍ അവതരിപ്പിച്ചത്. 2000 രൂപ നോട്ടിന്റെ പ്രചാരം ആദ്യം പരിമിതമായിരുന്നുവെങ്കിലും പിന്നീട് നോട്ട് പ്രചാരത്തില്‍ വ്യാപകമായി.2023 മെയ് 19 ന് ഈ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിക്കുകയായിരുന്നു.
പിന്‍വലിക്കല്‍ പ്രഖ്യാപനത്തിനു ശേഷം 2023 ഒക്ടോബര്‍ 7 വരെ എല്ലാ ബാങ്ക് ശാഖകളിലും 2000 രൂപ നോട്ടുകള്‍ മാറിയെടുക്കാന്‍ ആര്‍ബിഐ സമയം അനവദിച്ചിരുന്നു. ഇതിനു ശേഷവും നോട്ടുകള്‍ മാറിയെടുക്കാന്‍ വിവിധ വഴികളുണ്ടായിരുന്നു. റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകള്‍ വഴി ഇപ്പോഴും ഈ സൗകര്യം ലഭ്യമാണ്. എന്നിട്ടും നോട്ടുകള്‍ വിപണികളില്‍ അവശേഷിക്കുന്നുവെന്നതാണ് വസ്തുത.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച 2023 മെയ് 19 ലെ കണക്കുകള്‍ പ്രകാരം 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ വിപണികളില്‍ ഉണ്ടായിരുന്നു. 2025 ജൂണ്‍ 30 ന് വ്യാപാരം അവസാനിക്കുമ്പോള്‍ 6,099 കോടി രൂപയുടെ നോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ 98.29% തിരിച്ചെത്തിയിട്ടുണ്ട്. പക്ഷെ തിരിച്ചെത്താനുള്ള 6,099 കോടി രൂപ എന്നത് ഒരു ചെറിയ സംഖ്യയല്ല.
2000 രൂപ നോട്ടുകള്‍ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ ബാങ്കുകള്‍ വഴി ഇവ ഇനി മാറുക സാധ്യമല്ല. സാധാരണ ബാങ്ക് ശാഖകളില്‍ 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം 2023 ഒക്ടോബര്‍ ഏഴ് വരെയായിരുന്നു. എന്നാലും ആര്‍ബിഐ യുടെ 19 ഇഷ്യു ഓഫീസുകളില്‍ ഈ നോട്ടുകള്‍ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. നേരിട്ടോ തപാല്‍ വഴിയോ നോട്ട് മാറ്റി എടുക്കാവുന്നതാണ്. ഇന്ത്യാ പോസ്റ്റ് വഴിയും നോട്ട് അയക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പണം ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയാണ് ചെയ്യുക.