ആരോഗ്യഗുണങ്ങൾ നിരവധിയുള്ള പഴമാണ് അത്തിപ്പഴം. അസിഡിറ്റി, മലബന്ധം തുടങ്ങിയ ഉദരപ്രശ്നങ്ങൾക്ക് ഈ പഴം നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ അത്തിപ്പഴം സഹായിക്കുന്നു. രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ അത്തിപ്പഴം സഹായിക്കുന്നു.
നാരുകളും ശക്തിയേറിയ ആന്റിഓക്സിഡന്റുകളും അടങ്ങിയ അത്തിപ്പഴം, ഉണക്കിയും കഴിക്കാവുന്നതാണ്. പ്രഭാതഭക്ഷണത്തോടൊപ്പമോ ലഘുഭക്ഷണമായോ അത്തിപ്പഴം ശീലമാക്കാം. അത്തിപ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ എന്നറിയാം.
ദഹനത്തിന് സഹായകം
തുടർച്ചയായി അസിഡിറ്റി, മലബന്ധം, ഉദരപ്രശ്നങ്ങൾ ഇവ മൂലം വിഷമിക്കുന്ന ആളാണെങ്കിൽ ദിവസവും അത്തിപ്പഴം കഴിച്ചു തുടങ്ങാം. ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയതിനാൽ ഇത് ദഹനത്തിന് സഹായകമാണ്. രാത്രി കുതിർത്തശേഷം രാവിലെ അത്തിപ്പഴം കഴിക്കുന്നത് മലബന്ധം അകറ്റും.
∙ ഹൃദയാരോഗ്യത്തിന്
അത്തിപ്പഴത്തിലടങ്ങിയ ആന്റിഓക്സിഡന്റുകൾ, ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. അത്തിപ്പഴത്തിലുള്ള പൊട്ടാസ്യം, രക്തസമ്മർദം നിയന്ത്രിക്കുകയും ഇതിലൂടെ ഹൃദ്രോഗസാധ്യത കുറയുകയും ചെയ്യുന്നു.
പ്രമേഹത്തിന്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. കാരണം ഇത് നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ പ്രമേഹത്തിലേക്ക് നയിക്കും. മധുരമുണ്ടെങ്കിലും അത്തിപ്പഴത്തിന് ഗ്ലൈസെമിക് ഇൻഡക്സ് മിതമായ അളവിലേ ഉള്ളൂ. ഫ്രഷ് ആയ അത്തിപ്പഴം ചെറിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
എല്ലുകൾക്ക്
വാർധക്യകാലത്തു ശക്തിയേറിയ എല്ലുകൾ വേണമെന്നുണ്ടെങ്കിൽ ദിവസവും ഒരു അത്തപ്പഴം ശീലമാക്കാം. കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അത്തിപ്പഴത്തിൽ ധാരാളമുണ്ട്. ഇവ എല്ലുകൾക്ക് സാന്ദ്രതയും ശക്തിയും നൽകുന്നു. പതിവായി അത്തിപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഓസ്റ്റിയോപോറോസിസിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ചർമത്തിന്റെ ആരോഗ്യം
ദിവസവും ഒരു അത്തിപ്പഴം വീതം കഴിച്ചാൽ ചർമം തിളങ്ങും. അത്തിപ്പഴത്തിൽ ധാരാളം ആന്റിഓക്സിഡന്റുകളും വൈറ്റമിൻ എ, ഇ, കെ എന്നിവയും ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളോട് പൊരുതുകയും ചർമത്തിന് തിളക്കമേകുകയും ചെയ്യും. എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമരോഗങ്ങൾ വരാതെ തടയാനും അത്തിപ്പഴം കഴിക്കുന്നതിലൂടെ സാധിക്കും.
രോഗപ്രതിരോധശക്തി
ആന്റിഓക്സിഡന്റുകളും ആവശ്യ വൈറ്റമിനുകളും ധാരാളം അടങ്ങിയ അത്തിപ്പഴം രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കും. ഉണക്കിയ അത്തിപ്പഴത്തിൽ അയൺ, സിങ്ക് ഇവ ധാരാളമുണ്ട്. ഇവ രോഗപ്രതിരോധശക്തി വർധിപ്പിക്കും.
ശരീരഭാരം കുറയ്ക്കുന്നു
ദിവസവും ഒരു അത്തിപ്പഴം കഴിച്ചാൽ ശരീരഭാരം കുറയും. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഏറെ നേരം വയർ നിറഞ്ഞു എന്ന തോന്നലുണ്ടാക്കാനും അത്യാവശ്യമായി ലഘുഭക്ഷണം കഴിക്കുന്നതു തടയാനും അത്തിപ്പഴം കഴിക്കുന്നതിലൂടെ സാധിക്കും. വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നതും ആരോഗ്യകരവുമായ ഒരു ലഘുഭക്ഷണമാണ് അത്തിപ്പഴം.