വടക്കന്‍ ഗാസയിലെ ഒരു ബീച്ച് കഫേയില്‍ നടന്ന ആക്രമണത്തില്‍ ഹമാസ് നാവിക കമാന്‍ഡറെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഈ ആക്രമണത്തില്‍ നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിലെ അല്‍ബഖാ കഫേയില്‍ നടന്ന ആക്രമണത്തിന് ശേഷം, മരണസംഖ്യ ഉയര്‍ന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ഗാസയിലും വിദേശത്തുമുള്ള കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച നടന്ന ആക്രമണത്തില്‍ നാവിക കമാന്‍ഡര്‍ റംസി റമദാന്‍ അബ്ദുല്‍ അലി സാലിഹ്, ഹമാസിന്റെ മോര്‍ട്ടാര്‍ യൂണിറ്റിന്റെ ഡെപ്യൂട്ടി മേധാവി ഹിഷാം അയ്മാന്‍ അതിയ മന്‍സൂര്‍, നിസ്സിം മുഹമ്മദ് സുലൈമാന്‍ അബു സബാഹ് എന്നിവര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഹമാസിന്റെ ‘സമുദ്ര ആക്രമണങ്ങള്‍’ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും സാലിഹിന് പങ്കുണ്ടെന്ന് ഐഡിഎഫ് പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ ഹമാസിന്റെ ഒരു മുതിര്‍ന്ന കമാന്‍ഡര്‍ കഫേയില്‍ ഉണ്ടായിരുന്നതായി അഭ്യൂഹമുണ്ടെന്ന് ഗാസ ആസ്ഥാനമായുള്ള വൃത്തങ്ങള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഫേ ആക്രമണത്തില്‍ കൊല്ലപ്പെട്ട 29 പേരുടെ പേരുകള്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു, ഇതില്‍ കുറഞ്ഞത് ഒമ്പത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
അതിനിടെ, ഇസ്രായേലും ഹമാസും തമ്മിലുള്ള പരോക്ഷ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഫലങ്ങളൊന്നുമില്ലാതെ അവസാനിച്ചതായി ഒരു പലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ രണ്ട് വ്യത്യസ്ത കെട്ടിടങ്ങളിലായി ഏകദേശം മൂന്നര മണിക്കൂര്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഖത്തറില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള മധ്യസ്ഥര്‍ വഴി ഇരുപക്ഷവും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറിയെങ്കിലും വെടിനിര്‍ത്തലില്‍ പുരോഗതിയുണ്ടായില്ല. തിങ്കളാഴ്ച ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരുവിഭാഗങ്ങളും തമ്മിലുള്ള തടസ്സങ്ങളും വ്യത്യാസങ്ങളും കുറയ്ക്കുന്നതിന് ഓരോ പ്രതിനിധി സംഘവുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്താന്‍ മധ്യസ്ഥര്‍ പദ്ധതിയിട്ടിട്ടുണ്ട്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റിനെ കാണാന്‍ വാഷിംഗ്ടണിലേക്ക് പോകുന്ന സമയത്താണ് പരോക്ഷ ചര്‍ച്ചകള്‍ നടക്കുന്നത്. തിങ്കളാഴ്ച യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഗാസയിലെ ബന്ദികളുടെ മോചനവും വെടിനിര്‍ത്തലും സംബന്ധിച്ച കരാറിലേക്കുള്ള പുരോഗതിയിലേക്ക് നയിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്റെ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാവൂ എന്ന് തന്റെ ചര്‍ച്ചക്കാര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.