പത്തനംതിട്ട: കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന് തെരച്ചിൽ തുടരും. ബീഹാർ സ്വദേശിയെ കണ്ടെത്താനുള്ള ദൗത്യത്തിൽ ഫയര്‍ഫോഴ്‌സ് സംഘത്തിന് പുറമേ 27 അംഗ എന്‍ഡിആര്‍എഫ് സംഘവും രക്ഷാദൗത്യത്തില്‍ പങ്കുചേരുന്നു. ഒഡീഷ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്തു. കണ്ടെത്താനുള്ളത് ബീഹാര്‍ സ്വദേശി അജയ് റാവുവിനെയാണ്.
ക്വാറിയുടെ പ്രവര്‍ത്തനം അനുമതിയില്ലാതെയെന്ന് നാട്ടുകാര്‍. റിപ്പോര്‍ട്ട് തേടി കളക്ടര്‍. ക്വാറിയുടെ അനുമതിയടക്കം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ജിയോളജി വകുപ്പിന് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. അളവിൽ കൂടുതൽ പാറ പൊട്ടിക്കൽ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. അടുത്ത വർഷം വരെ ക്വാറിക്ക് ലൈസൻസ് ഉണ്ടെന്ന് കളക്ടർ വ്യക്തമാക്കി. ജിയോളജി വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും സംഭവത്തിൽ തുടർനടപടി സ്വീകരിക്കുക. അപകട സാഹചര്യത്തിൽ ക്വാറി പ്രവർത്തനം നിർത്തിവെപ്പിച്ചിരിക്കുകയാണ്.
രാവിലെ ഏഴുമണിമുതലാണ് തിരച്ചില്‍ പുനരാരംഭിക്കുക. ഇന്നലെ ഉച്ചക്കാണ് അപകടം നടന്നത്. പാറകള്‍ ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്യുമ്പോള്‍ വലിയ പാറകഷ്ണങ്ങള്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പതിച്ചായിരുന്നു അപകടം. ഇന്നലെ രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനെ തുടര്‍ന്നാണ് രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെച്ചത്.