വാഷിങ്ടൻ: ടെക്സസിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു.104 പേർ മരിച്ചതായി സ്ഥിരീകരണം. വേനൽക്കാല ക്യാംപിലുണ്ടായിരുന്ന 27 പേരുൾപ്പെടെ 28 കുട്ടികളും മരിച്ചവരിൽപെടുന്നു.പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. മിന്നൽപ്രളയം തകർത്ത കെർ കൗണ്ടിയിൽ മാത്രം 84 പേർ മരിച്ചു. ഇതിൽ 28കുട്ടികളുമുണ്ട്.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ സൂചന നൽകി. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈന്യത്തിന്റെ ഡ്രോണുകളും തീരരക്ഷാസേനയുടെ വിമാനങ്ങളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. കനത്ത മഴയും നദികൾ കരകവിഞ്ഞൊഴുകുന്നതും അടിഞ്ഞുകൂടിയ മാലിന്യങ്ങളും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. കനത്ത മഴയെ തുടർന്ന് ടെക്‌സസിലെ കെർ കൗണ്ടിയിലെ ഗ്വാഡുലുപ് നദിയിൽ വലിയതോതിൽ ജലനിരപ്പ് ഉയർന്നതാണ് മിന്നൽ പ്രളയത്തിന് കാരണം. മേഖലയിൽ വീണ്ടും വെള്ളപ്പൊക്കമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
















