കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2-ന് മുന്നോടിയായി, പ്രമുഖ ടീമായ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ലഹരി വിരുദ്ധ ഡിജിറ്റല്‍ ക്യാംപയിന് തുടക്കം കുറിച്ചു. ‘കിക്ക് വിത്ത് ക്രിക്കറ്റ്, നോട്ട് വിത്ത് ഡ്രഗ്സ്’ എന്ന ടാഗ്ലൈനില്‍ സംഘടിപ്പിക്കുന്ന ക്യാംപയിന്റെ ഔദ്യോഗിക ഉദ്ഘാടനം ടീം ഉടമയും ചലച്ചിത്ര സംവിധായകനുമായ പ്രിയദര്‍ശന്‍ നിര്‍വഹിച്ചു.
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഒരു കായിക മുന്നേറ്റം എന്ന നിലയിലാണ് ടീം ഈ ക്യാംപയിന്‍ ഏറ്റെടുത്തിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന ഉദ്യമത്തില്‍ മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍, അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കളിക്കാര്‍ എന്നിവര്‍ പങ്കാളികളാകും. ഈ മാസം 20 വരെയാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ക്യാംപയിന്‍ നടക്കുക.
‘യുവതലമുറയെ നേര്‍വഴിക്ക് നയിക്കുന്നതില്‍ കായികരംഗത്തിന് വലിയ പങ്കുവഹിക്കാനാകും. ക്രിക്കറ്റിന്റെ ആവേശം യുവജങ്ങളിലേക്ക് എത്തിക്കാനും, മയക്കുമരുന്നില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനുമാണ് ഈ ക്യാംപയിനിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇത് അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മാത്രമല്ല, സമൂഹം ഒന്നടങ്കം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ്’- പ്രിയദര്‍ശനന്‍ പറഞ്ഞു.
CONTENT HIGH LIGHTS”Kick with Cricket’; Adani Trivandrum Royals launches anti-drug digital campaign