പാകിസ്ഥാന് പിന്നാലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേര് നാമനിര്‍ദേശം ചെയ്ത് ഇസ്രയേലും. വൈറ്റ് ഹൗസില്‍ നടന്ന അത്താഴ വിരുന്നിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെയാണ് നാമനിർദേശം നടത്തിയ കാര്യം ട്രംപിനോട് വെളിപ്പെടുത്തിയത്.
സമാധാനാന്തരീക്ഷം കെട്ടിപ്പടുക്കുന്നതിൽ പങ്ക് വഹിച്ചു എന്ന് പുകഴ്ത്തിയാണ് നാമനിർദ്ദേശ വിവരം അറിയിച്ചത്. അമേരിക്കൻ സന്ദർശനത്തിലാണ് നെതന്യാഹു കത്ത് നേരിട്ട് കൈമാറുന്നത്. ഞങ്ങള്‍ ഇവിടെ ഇരുന്ന് സംസാരിക്കുമ്പോള്‍ തന്നെ അദ്ദേഹം മറ്റ് രാജ്യങ്ങളില്‍ സമാധാനാന്തരീക്ഷം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നുണ്ടാകും. അതുകൊണ്ട് സാമാധാനത്തിനുള്ള നൊബേലിന് നാമനിര്‍ദേശം ചെയ്ത് കൊണ്ട് നൊബേല്‍ കമ്മിറ്റിക്ക് ഞാന്‍ അയച്ച കത്ത് നിങ്ങള്‍ക്ക് സമര്‍പ്പിക്കട്ടെ. നൊബേല്‍ സമ്മാനം താങ്കള്‍ക്ക് ലഭിക്കണം ഈ അംഗീകാരത്തിന് താങ്കള്‍ അര്‍ഹനാണ്- എന്നായിരുന്നു അത്താഴ വിരുന്നിലെ പുകഴ്ത്തൽ.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന ഇടപെടലിനെ പുകഴ്ത്തി. ഇസ്രയേലികളുടെയും ജൂതന്മാരുടേയും ലോകത്ത് താങ്കളെ ആരാധിക്കുന്ന എല്ലാവരുടെയും അഭിനന്ദനവും ആദരവും താങ്കളെ അറിയിക്കുന്നു. പ്രതിസന്ധികളെ നേരിടാനും അവസരങ്ങള്‍ നേടിയെടുക്കാനും നമ്മള് തമ്മിലുള്ള അസാധാരണമായ ഈ കൂട്ടുകെട്ടിന് സാധിക്കും- എന്നും നെതന്യാഹു പറഞ്ഞു.
















