കെഎസ്ആർടിസി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി എൽഡിഎഫ് കൺവീനർ കൂടിയായ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ.
കെഎസ്ആർടിസിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി യൂണിയനുകളും പങ്കെടുക്കുമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. ആരെങ്കിലും നാളെ കെഎസ്ആർടിസി ബസ് നിരത്തിൽ ഇറക്കിയാൽ അപ്പോൾ കാണാമെന്നും കെഎസ്ആർടിസി ജീവനക്കാർ നാളെ പണിമുടക്കുമെന്നും തൊഴിലാളികൾ നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത മന്ത്രിയുടെ പ്രസ്താവന പണിമുടക്കിനെ ബാധിക്കുന്നതാണെന്നും മന്ത്രിയുടെ ഓഫീസിനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കേന്ദ്ര തൊഴിൽ നയങ്ങൾക്ക് എതിരെയാണ് സമരമെന്നും അത് കെഎസ്ആർടിസി ജീവനക്കാരെയും ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറക്കാതെ സഹകരിക്കണമെന്നും കടകൾ തുറക്കരുതെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.