മുൻപത്തെ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നതെന്നും ത്രിവർണ പതാകയ്ക്ക് പകരം കാവി പതാക പ്രതിഷ്ഠിക്കാൻ ഗവർണർ ശ്രമിക്കുന്നെന്നും ഉന്നത വിദ്യഭ്യാസമന്ത്രി ആർ ബിന്ദു. കേരള സർവകലാശാല ഭരണ പ്രതിസന്ധി വളരെയധികം വേദനയോടെ കാണുന്നുവെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. നിർഭാഗ്യവശാൽ മികവിനായി മുന്നോട്ടു കൊണ്ടു പോകേണ്ട കേന്ദ്രങ്ങളായ സർവകലാശാലയിൽ സംഘർഷാത്മക സാഹചര്യം സൃഷ്ടിക്കുന്നു. സംഘർഷാത്മക സാഹചര്യം സൃഷ്ടിക്കുന്നത് ഖേദകരമാണെന്നും ദുഃഖമുണ്ടെന്നും മന്ത്രി പറഞ്ഞു. ദയവുചെയ്ത് ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ളവർ സർവകലാശാലയെ ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
സിൻഡിക്കറ്റ് നിയമന അധികാരമുള്ള സംവിധാനമാണ്. സെനറ്റാണ് സർവകലാശാലയുടെ പരമോന്നത സമിതി. വൈസ് ചാൻസലർ രജിസ്ട്രാറെ നിയമിക്കുന്ന ആളല്ല. രജിസ്ട്രാറുടെ നിയമനാധികാരി സിൻഡിക്കറ്റാണ്. രജിസ്ട്രാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരവും സിൻഡിക്കേറ്റിനാണ്. വൈസ് ചാൻസലർമാർ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ് ഉത്തരവുകൾ ഇറക്കുന്നത്. ഇത് ശരിയായി നടപടിയല്ലെന്നും മന്ത്രി ആർ ബിന്ദു കൂട്ടിച്ചേർത്തു.