മന്ത്രവാദിനിയുടെ ക്രൂരമർദ്ദനത്തിനിരയായ സ്ത്രീക്ക് ദാരുണാന്ത്യം. 55 വയസുള്ള ഗീതമ്മ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇന്നലെ കർണാടകയിലെ ശിവമോഗ ജില്ലയിൽ രാത്രിയോടെയായിരുന്നു സംഭവം നടന്നത്. പ്രേതബാധയെന്ന് ആരോപിച്ചാണ് ക്രൂരമർദ്ദനം നടന്നത്.
അമ്മയ്ക്ക് പ്രേതബാധയേറ്റതായി വിശ്വസിച്ച മകൻ സഞ്ജയ് തന്റെ വീട്ടിലേക്ക് മന്ത്രവാദിനിയായ ആശയെന്ന സ്ത്രീയെ എത്തിക്കുകയായിരുന്നു. ബാധയൊഴിപ്പിക്കൽ ചടങ്ങെന്ന തരത്തിൽ നാലര മണിക്കൂറോളം വയോധികയെ വടികൊണ്ട് മർദ്ദിച്ചു. ക്രൂരമർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഗീതമ്മ മരിക്കുകയായിരുന്നു.
സംഭവത്തിൽ മരിച്ച സ്ത്രീയുടെ മകൻ സഞ്ജയ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സഞ്ജയ്, ആശ, സന്തോഷ് എന്നിവരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസിന്റെ നടപടി.