സാഗര്‍ ഏലിയാസ് ജാക്കി, ജില്ല, കാല, കസബ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് സമ്പത്ത് രാജ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ സമ്പത്ത് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വെങ്കട്ട് പ്രഭു ചിത്രം ഗോവയില്‍ അഭിനയിച്ചതിനെക്കുറിച്ച് മനസുതുറക്കുകയാണ് നടന്‍. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സമ്പത്ത് ചിത്രത്തിലെ റോളിനെക്കുറിച്ച് നടന്‍ മനസുതുറന്നത്.
സമ്പത്തിന്റെ വാക്കുകള്‍…..
‘സരോജക്ക് ശേഷം വെങ്കട്ട് പ്രഭുവും ഞാനും ചെയ്ത സിനിമയാണ് ഗോവ. സത്യം പറഞ്ഞാല്‍ എന്റെ ചെറുപ്പകാലത്ത് ഞാന്‍ ഗോവയില്‍ പോയപ്പോള്‍ നടന്ന സംഭവങ്ങള്‍ വെങ്കട്ടിനോട് പറഞ്ഞിരുന്നു. അവന്‍ അതെടുത്ത് സിനിമക്കുള്ള കഥയാക്കി. എന്നോട് കഥ പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു. ആ സിനിമയില്‍ എന്റേത് ഗേ ക്യാരക്ടറായിരുന്നു. എന്നാല്‍ ആ സിനിമ ചെയ്തതിന് ശേഷം എന്റെ മകള്‍ക്ക് സ്‌കൂളില്‍ നിന്ന് ഒരുപാട് കളിയാക്കലുകള്‍ നേരിടേണ്ടി വന്നു. അവള്‍ ആ സമയത്ത് നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു. എന്താണ് നടക്കുന്നതെന്ന് ഒരു ഐഡിയയും ആ സമയത്ത് അവള്‍ക്ക് ഇല്ലായിരുന്നു. ബോര്‍ഡിങ് സ്‌കൂളിലെ എല്ലാവരും അവളെ കളിയാക്കി. അതില്‍ നല്ല വിഷമമുണ്ടായിരുന്നു. അവളോടും കൂടി ചോദിച്ചിട്ട് വേണമായിരുന്നു ആ ക്യാരക്ടര്‍ ചെയ്യാന്‍. ഇന്ന് ഓരോ കാര്യവും മനസിലാക്കാനുള്ള വിവരം അവള്‍ക്കുണ്ട്. അന്ന് ഞാന്‍ ആറ് മാസത്തോളം അവളുടെ കൂടെ നിന്നാണ് ഓക്കെയാക്കിയത്. സിനിമ ചെയ്യുന്നതിന് മുമ്പ് അവളോട് ഇങ്ങനെയൊരു ക്യാരക്ടര്‍ വന്നിട്ടുണ്ട്, ചെയ്യാമല്ലോ എന്ന് ചോദിക്കാതിരുന്നത് എന്റെ തെറ്റാണ്’.