തിരുവനന്തപുരം: ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സിബിഷന്റെ രണ്ടാമത് എഡിഷന്‍ 2026 ജനുവരി 16 മുതല്‍ 18 വരെ കൊച്ചി അഡ്ലക്സ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസ്സിയേഷന്‍ (കെ.എസ്.എസ്.ഐ.എ.), മെട്രോ മാര്‍ട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ വ്യവസായ വകുപ്പിന്റെയും എം.എസ്.എം.ഇ. മന്ത്രാലയം ഭാരത സര്‍ക്കാരിന്റെയും സഹകരണത്തോടെയാണ് മൂന്നു ദിവസം നീളുന്ന വ്യാവസായിക മേള കേരളത്തില്‍ സംഘടിപ്പിക്കുന്നത്. കെ.എസ്.എസ്.ഐ.എ.യുടെ ഇരുപതോളം അഫിലിയേറ്റഡ് സംഘടനകളും ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോയുമായി സഹകരിക്കും.
രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള അഞ്ഞൂറോളം പ്രമുഖരായ മെഷിനറി നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉല്‍പന്നങ്ങളും മെഷിനറികളും മേളയില്‍ പ്രദര്‍ശിപ്പിക്കും. കേരളം, കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ആന്ധ്ര പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മെഷിന്‍ നിര്‍മ്മാതാക്കളും ചൈന, യു.കെ., യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജര്‍മ്മനി, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മെഷിന്‍ നിര്‍മ്മാതാക്കളുടെ പ്രതിനിധികളും മേളയില്‍ അണിനിരക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍, പ്രസന്റേഷനുകള്‍, പുതിയ ഉല്‍പന്നങ്ങളുടെ ഉദ്ഘാടനം, സംവാദങ്ങള്‍ തുടങ്ങിയവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ബയര്‍ സെല്ലര്‍ മീറ്റീംഗുകള്‍, വെന്റര്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമുകള്‍ തുടങ്ങിയവും മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കും.
പുതിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭകരെ മെഷിനറി നിര്‍മ്മാതാക്കളുമായി ബന്ധപ്പെടുത്തും. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തികളെയും, ബിസിനസ്സ് വിപുലീകരണത്തിന് ലോണുകള്‍ ആവശ്യമുള്ള സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി വിവിധ ബാങ്കുകളുടെ ഹെല്‍പ്പ് ഡെസ്‌കുകള്‍ എക്‌സിബിഷനില്‍ സജ്ജീകരിക്കും. എം.എസ്.എം.ഇ. വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്റ്റാളുകള്‍ സജ്ജീകരിക്കും.
കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ എക്‌സിബിഷനും അതിനോടനുബന്ധിച്ചുള്ള വ്യവസായ സംഗമവുമാവും ഇത്തവണ നടക്കുകയെന്ന് കെ.എസ്.എസ്.ഐ.എ. സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീന്‍ പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള അയ്യായിരം വ്യവസായികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വ്യവസായി സംഗമവും എക്‌സപോയുടെ ഭാഗമായി നടക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക പവലിയനൊരുക്കും. മാധ്യമ ലോകത്തെ പ്രമുഖരും യുവ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും സംഘടിപ്പിക്കും. സംരംഭകര്‍ക്ക് സാങ്കേതിക പരിജ്ഞാനം നല്‍കുന്നതിലൂടെ ഉല്‍പ്പാദന ക്ഷമത കൂട്ടാനും കമ്പനികളുടെ സാമ്പത്തിക ഭദ്രത ഉറപ്പിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുപതിനായിരത്തിലധികം ട്രേഡ് സന്ദര്‍ശകര്‍ മേള സന്ദര്‍ശിക്കുമെന്ന് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സിബിഷന്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.പി.രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. തദ്ദേശീയരായ വ്യവസായികളെ ആഗോള വ്യാപാര ശൃംഖലയുമായി ബന്ധിപ്പിക്കുവാന്‍ വിവിധ പരിപാടികള്‍ മേളയില്‍ ആസൂത്രണം ചെയ്യുമെന്നു കെ.പി രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയവയില്‍ വ്യവസായികള്‍ക്ക് പ്രത്യേക പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുമെന്ന് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌പോ സി.ഇ.ഒ. സിജി നായര്‍ പറഞ്ഞു. വിവിധതരം റോബോട്ടുകള്‍, സെന്‍സറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അനുബന്ധ മെഷിനറികള്‍, കണ്‍സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍, മാനുഫാക്ചറിംഗ്, ഹോസ്പിറ്റാലിറ്റി, കാര്‍ഷിക മേഖലകളില്‍ ഉപയോഗപ്പെടുത്താവുന്ന മെഷിനിറികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം കേരളത്തിലെ വ്യവസായ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നു സിജി നായര്‍ പറഞ്ഞു.
കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീന്‍, ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.രാമചന്ദ്രന്‍ നായര്‍, എക്‌പോ സി.ഇ.ഒ. സിജി നായര്‍, കെ.എസ്.എസ്.ഐ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഫസലുദ്ദീന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസഹാക്ക്.കെ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാര്‍ സി.എസ്, , കെ.എസ്.എസ്.ഐ.എ ന്യൂസ് എഡിറ്റര്‍ സലിം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.iiie.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 9947733339 /9995139933. ഇമെയില്‍ – info@iiie.in