കേരള പൊതുമരാമത്ത് വകുപ്പിന്റെ വെബ് അധിഷ്ഠിത റോഡ് മാനേജ്‌മെന്റ് സംവിധാനത്തിനായി തയ്യാറാക്കിയ ഐറോഡ്‌സ് സോഫ്‌റ്റ്വെയറിന് ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ 2025ലെ ഗ്ലോബല്‍ റോഡ് അച്ചീവ്‌മെന്റ് പുരസ്‌കാരം ലഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ഉതകുംവിധത്തില്‍ കേരളത്തിലെ റോഡുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. ആഗോളതലത്തില്‍ റോഡുകളും ഗതാഗതരംഗവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ അംഗങ്ങളായ സ്വതന്ത്ര ലാഭേതര സംഘടനയാണ് ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍.
ലോകബാങ്ക് സഹായത്തോടെയുള്ള കെഎസ്ടിപി രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പ് വെബ് അധിഷ്ഠിത റോഡ് മെയിന്റനന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ആര്‍എംഎംഎസ്) കൊണ്ടുവന്നത്. ഓരോ മേഖലയിലേയും റോഡുകളെ കാലാവസ്ഥാവ്യതിയാനം എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന് പഠിച്ച് അതതിടങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള റോഡ് നിര്‍മാണവും പരിപാലനവും രൂപപ്പെടുത്തിയെടുക്കുന്നതിനാണ് ഈ സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്നത്.
റോഡ് അറ്റകുറ്റപ്പണികളില്‍ കാലാവസ്ഥാ വിവരങ്ങളുടെ കൃത്യമായ സംയോജനം ഇല്ലാതിരുന്നതും റോഡിന്റെ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്താന്‍ ഉപയോക്താക്കള്‍ക്ക് സംവിധാനമില്ലാതിരുന്നതുമെല്ലാം ചെലവുകള്‍ വര്‍ദ്ധിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് സംയോജിത വെബ് അധിഷ്ഠിത ഇടമായ ഐറോഡ്‌സ് വികസിപ്പിച്ചത്. പിഡബഌുഡി ഫോര്‍ യു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമാണ്. സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ച ടിആര്‍എല്‍ കമ്പനിയുടെ പ്രതിനിധികള്‍ ഗ്രീസിലെ ഏഥന്‍സില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
















