ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ് എന്നത് ഓറിയൻഷ്യ സുസുഗാമുഷി (Orientia tsutsugamushi) എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു രോഗമാണ്. ഇത് ചെള്ള് വർഗ്ഗത്തിൽപ്പെട്ട ചിഗ്ഗർ മൈറ്റ് (chigger mite) എന്ന ചെറുപ്രാണിയുടെ ലാർവയുടെ കടിയേൽക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. സാധാരണയായി എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലാണ് ഈ ബാക്ടീരിയ കാണപ്പെടുന്നത്.
ചെള്ള് കടിയേറ്റ ഭാഗത്ത് കറുത്ത നിറത്തിലുള്ള ഒരു വ്രണം കാണപ്പെടാം. ഇതിനോടൊപ്പം പനി, തലവേദന, ശരീരവേദന, പേശിവേദന, ചുമ, വയറുവേദന, കണ്ണ് ചുവപ്പ് നിറമാകുക, കഴലവീക്കം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗം ഗുരുതരമായാൽ തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.