കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസില്‍ തന്നെ അറസ്റ്റുചെയ്തിട്ടില്ലെന്ന് സൗബിന്‍ ഷാഹിര്‍. ‘മഞ്ഞുമ്മല്‍ ബോയ്സ്’ ചിത്രവുമായി ബന്ധപ്പെട്ട കേസിൽ പോലീസിന് ഞങ്ങളുടെ ഭാഗത്തുനിന്നുള്ള കാര്യങ്ങള്‍ വ്യക്തമായി മനസിലായിട്ടുണ്ട് എന്ന് നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.
മരട് പോലീസിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ ശേഷം പുറത്തിറങ്ങി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് സൗബിന്‍ ഇക്കാര്യം പറഞ്ഞത്. നേരത്തെ, മരട് പോലീസ് സൗബിനെ അറസ്റ്റുചെയ്‌തെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സാമ്പത്തിക തട്ടിപ്പുകേസില്‍ നടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
‘ഞങ്ങളുടെ കൈയിലെ രേഖകളും, ഇപ്പോഴും വന്നുചേരാനുള്ള കണക്കുകളും ഉണ്ടല്ലോ. ഇപ്പോഴും പേയ്മെന്റുകള്‍ വരാനുണ്ട്. അതിന് മുമ്പുള്ള എല്ലാരേഖകളും കൊടുത്തിട്ടുണ്ട്. രേഖകളെയല്ലേ നമുക്ക് വിശ്വസിക്കാന്‍ പറ്റുകയുള്ളൂ. കോടതിയേയും പോലീസിനേയും വിശ്വസിക്കുന്നു. പോലീസിന് ഞങ്ങളുടെ ഭാഗത്തുനിന്നുള്ള കാര്യങ്ങള്‍ വ്യക്തമായി മനസിലായിട്ടുണ്ട്. മുതല്‍ കൊടുത്തു കഴിഞ്ഞതാണ്. അവരല്ലേ കേസുകൊടുത്തിരിക്കുന്നത്. നമ്മള്‍ ആര്‍ബിട്രേഷന് പോയിട്ടുള്ളതാണ്. അവരാണ് വരാത്തത്. അവര്‍ പറയുന്ന കണക്കുകള്‍ തെറ്റാണ്. എല്ലാകണക്കുകളും കൊടുത്തിട്ടുണ്ട്. പിന്നെ, അറസ്റ്റുചെയ്തിട്ടില്ല. വീണ്ടും വരേണ്ട കാര്യം ഒന്നും പറഞ്ഞിട്ടില്ല. ആവശ്യമെങ്കില്‍ പറയാം എന്നാണ് പറഞ്ഞത്’, എന്നായിരുന്നു സൗബിന്റെ വാക്കുകള്‍.
സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിനെ കഴിഞ്ഞ രണ്ടുദിവസമായി പോലീസ് ചോദ്യംചെയ്തിരുന്നു. സഹനിര്‍മാതാക്കളായ സൗബിന്റെ പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരേയും മരട് പോലീസ് ചോദ്യംചെയ്തിരുന്നു.
200 കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ ബോക്സോഫീസ് കളക്ഷന്‍. സിനിമയുടെ നിര്‍മാണവേളയില്‍ സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.