തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടൽ ഉടമ കൊല്ലപ്പെട്ട നിലയിൽ. ജസ്റ്റിൻ രാജിനെ (60) ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേരള കഫേ എന്ന ഹോട്ടലിന്റെ ഉടമയാണ് ജസ്റ്റിൻ രാജ്. ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന വീടിന്റെ പുരയിടത്തിൽ ആണ് ഇയാളെ
കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പായ കൊണ്ടു മൂടിയ നിലയിലായിരുന്നു. ഹോട്ടൽ ജീവനക്കാരിൽ രണ്ടു ഇതര സംസ്ഥാനക്കാരെ കാണാനില്ലെന്നും ഇവർക്കായി തിരച്ചിൽ തുടരുന്നുവെന്നും പൊലീസ് അറിയിച്ചു. 4 പാട്‌നർമാരിൽ ഒരാളായ ജസ്റ്റിൻ രാജ് ആണ് എല്ലാ ദിവസവും പുലർച്ചെ 5ന് ഹോട്ടൽ തുറക്കുന്നത്. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതിൽ രണ്ടു പേർ ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തിൽ ജസ്റ്റിൻരാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിൽ പോയിരുന്നു. ഉച്ചവരെ കാണാത്തതിനാൽ ഹോട്ടലിലെ മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനേജരുടെ വാഹനവും കാണാനില്ല. രാവിലെയാണ് കൊലപാതകമെന്നാണ് സൂചന. മുൻ എംഎൽഎയും സിപിഎം നേതാവുമായ എം.സത്യനേശന്റെ മരുമകനാണ് ജസ്റ്റിൻ രാജ്.
















