പത്തനംതിട്ട: കോന്നി പാറമട അപകടത്തിൽ പെട്ട ജാർഖണ്ഡ് സ്വദേശി അജയ് കുമാർ റായിയുടെ മൃതദേഹം പുറത്തെടുത്തു. എക്സവേറ്ററിന് പുറകുവശത്തെ പാറക്കല്ലുകൾ നീക്കിയാണ് മൃതദേഹം കണ്ടെത്തിയത്.
കാബിനിനുള്ളിലായി അജയ് കുമാർ റായ് കുടുങ്ങി കിടക്കുകയായിരുന്നു. ജിത്തു, അമൽ, ദിനുമോൻ എന്നീ ഫയർഫോഴ്സ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ടീമംഗങ്ങൾ റോപ്പിൽ താഴെ ഇറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്.
രണ്ടുപേരാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നുമണിയോടെ ഉണ്ടായ അപകടത്തിൽ പാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയത്. അതിൽ ഒരാളുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. ഒഡീഷ സ്വദേശിയായ മഹാദേവ് പ്രതാപ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
എക്സ്കവേറ്റർ ഉപയോഗിച്ച് പൊട്ടിച്ചിട്ട പാറ നീക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അറുപതടി ഉയരത്തിൽ നിന്നും പാറകൾ കൂട്ടത്തോടെ താഴേക്ക് വീഴുകയായിരുന്നു. എക്സ്കവേറ്ററിനു മുകളിലേക്കാണ് പാറകൾ വീണത്. എക്സ്കവേറ്റർ ഓടിക്കുന്നയാളും സഹായിയുമാണ് അപകടത്തിൽപ്പെട്ടത്.