തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ പൊതുപണിമുടക്ക് ആറു മണിക്കൂർ പിന്നിട്ടു. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴില്‍ സമയം, വേതനം തുടങ്ങീ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെയാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. പാൽ, പത്രം, ആംബുലൻസ് തുടങ്ങിയ അവശ്യസേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി ഉൾപ്പെടെയുള്ള സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയെ തള്ളി എൽഡിഎഫ് കൺവീനർ എത്തിയതോടെ കെഎസ്ആർടിസി സർവീസുകളെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പായി. ഇതോടെ പൊതുഗതാഗതം താറുമാറാകും. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് സിഐടിയു ആവശ്യപ്പെട്ടിട്ടുണ്ട്.