Kerala

ദേശീയ പണിമുടക്ക്: കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി തടഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ലേബർ കോഡുകൾ പിൻവലിക്കുന്നതടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം. കെഎസ്ആർടിസി ബസ് സർവീസുകൾ ഉൾപ്പെടെ മുടങ്ങിയതോടെ ദീർ​ഘദൂര യാത്രക്കാരെ ബാധിച്ചു. വിവിധയിടങ്ങളിൽ സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ തടയുന്ന സാഹചര്യം ഉണ്ടായി.

കൊച്ചിയിലും തൃശൂരിലും കൊല്ലത്തും മലപ്പുറത്തും തിരുവനന്തപുരത്തും സമരക്കാർ ബസ് തടഞ്ഞു. കൊട്ടാരക്കര ഡിപ്പോയിലും ബസുകൾ തടഞ്ഞു. കോട്ടയത്തേക്ക് സർവീസ് തുടങ്ങിയ കെഎസ്ആർടിസി ബസാണ് സമരക്കാർ തടഞ്ഞത്. കോഴിക്കോടും ദീർഘദൂര യാത്രക്കാർ പ്രതിസന്ധിയിലായി. കണ്ണൂരിൽ കെഎസ്ആർടിസി സർവീസുകൾ മുടങ്ങി. രാവിലെ ഡിപ്പോയിൽ പുറപ്പെടേണ്ട 21 സർവീസുകളാണ് മുടങ്ങിയത്. മൂകാംബികയിലേക്കുള്ള ബസ് മാത്രമാണ് ആകെ സർവീസ് നടത്തിയത്. പൊലീസ് സുരക്ഷ നൽകിയാൽ സർവീസ് നടത്താൻ ശ്രമിക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചിട്ടുണ്ട്.

Latest News