ഇറക്കുമതി തീരുവയിൽ വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇരുട്ടടി. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്നചെമ്പിന് 50 ശതമാനവും മരുന്നുകൾക്ക് 200 ശതമാനവും തീരുവ ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപനം.അതേസമയം, ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് കരാറിലേര്‍പ്പെടാനുള്ള അവസാന ദിവസവും ഓഗസ്‌റ്റ് ഒന്നാണെന്നും ട്രംപ് ആവര്‍ത്തിച്ചു. ചെമ്പിന് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത് ആഗോള വിപണിയില്‍ ചെമ്പിൻ്റെ വില കുതിച്ചുയര്‍ന്നു.
വൈറ്റ് ഹൗസിൽ നടന്ന യോഗത്തിലാണ് ചെമ്പ് ഇറക്കുമതിക്ക് 50 ശതമാനം പുതിയ തീരുവ ചുമത്താൻ യുഎസ് പ്രസിഡൻ്റ് പ്രഖ്യാപിച്ചത്. ജൂലൈ അവസാനമോ ഓഗസ്റ്റ് ഒന്ന് മുതലോ നിരക്ക് നടപ്പിലാക്കാൻ സാധ്യതയുണ്ടെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് സിഎൻബിസിയോട് പറഞ്ഞു. ഏകദേശം ഒന്നര വർഷത്തിന് ശേഷം ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് തൻ്റെ ഭരണകൂടം ഉയർന്ന തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. “വിവിധ രാജ്യങ്ങള്‍ക്ക് ഏകദേശം ഒരു വർഷമോ ഒന്നര വർഷമോ സമയം ഞങ്ങൾ നൽകും, അതിനുശേഷം അവർക്ക് താരിഫ് ചുമത്തും. മരുന്നിന് 200 ശതമാനം പോലെ വളരെ ഉയർന്ന നിരക്കിൽ അവർക്ക് താരിഫ് ചുമത്തും,” ട്രംപ് പറഞ്ഞു.
അതേസമയം, ചെമ്പിന് ഉള്‍പ്പെടെ ഉയര്‍ന്ന ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ സാരമായി ബാധിക്കും. യുഎസിലേക്ക് ചെമ്പ് കയറ്റുമതി ചെയ്യുന്നതില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആഗോളതലത്തിൽ ഏകദേശം 2 ബില്യൺ ഡോളറിൻ്റെ (200 കോടി) ചെമ്പ് ഉത്‌പ്പന്നങ്ങൾ കയറ്റുമതി ചെയ്‌തു. ഇതിൽ 360 മില്യൺ ഡോളർ, ഏകദേശം 17 ശതമാനം, അമേരിക്കയിലേക്കാണ് കയറ്റുമതി ചെയ്‌തത്. സൗദി അറേബ്യയ്ക്കും ചൈനയ്ക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ ചെമ്പ് കയറ്റുമതി കേന്ദ്രമാണ് യുഎസ്. നിർമാണം, പുനരുപയോഗ ഊർജ്ജം, ഇലക്‌ട്രിക് വാഹനങ്ങൾ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ മേഖലകളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
ട്രംപിൻ്റെ താരിഫ് പ്രഖ്യാപനം ഔഷധ മേഖലയില്‍ ഇന്ത്യയ്‌ക്ക് കൂടുതൽ തിരിച്ചടി നേരിടും. ഇന്ത്യയുടെ ഏറ്റവും വലിയ ഔഷധ കയറ്റുമതി കേന്ദ്രമാണ് യുഎസ്. 2025 സാമ്പത്തിക വർഷത്തിൽ 9.8 ബില്യൺ ഡോളറിൻ്റെ (900 കോടി) കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. മുൻ വർഷത്തെ 8.1 ബില്യൺ ഡോളറിൽ നിന്ന് 21 ശതമാനം വർധനവാണ് ഇത്തവണ ഉണ്ടായിരുന്നു. ഇന്ത്യയുടെ മൊത്തം ഔഷധ കയറ്റുമതിയുടെ 40 ശതമാനവും യുഎസിലേക്കാണ്. കുറഞ്ഞ വിലയുള്ള ജനറിക് മരുന്നുകളാണ് യുഎസിലേക്ക് പ്രധാനമായും ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ഈ ഉത്‌പ്പന്നങ്ങൾ യുഎസ് ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. 90 ശതമാനത്തിലധികവും ജനറിക് മരുന്നുകളാണ് അമേരിക്കയില്‍ ഉപയോഗിക്കുന്നത്.
പുതിയ താരിഫ് പ്രഖ്യാപനത്തോടെ കയറ്റുമതിക്കാർക്ക് അധിക ചെലവ് ഉൾക്കൊള്ളാൻ കഴിഞ്ഞേക്കില്ല, ഇത് വിപണിയിൽ നിന്ന് പിൻവാങ്ങുന്നതിലേക്ക് നയിച്ചേക്കാം. ചെറുകിട സ്ഥാപനങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യത. ട്രംപിൻ്റെ പ്രഖ്യാപനം ഓഹരി വിപണിയില്‍ ഇതിനകം തന്നെ ആശങ്ക പ്രതിഫലിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ഫാർമ ഓഹരികൾ ഇന്ന് കുത്തനെ ഇടിഞ്ഞു, നിരവധി പ്രമുഖ കമ്പനികളുടെ ഓഹരികൾ ഇൻട്രാഡേ ട്രേഡിംഗിൽ 2 മുതൽ 4 ശതമാനം വരെ ഇടിഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയെ എത്രത്തോളം പുതിയ താരിഫ് ബാധിക്കുമെന്നതില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളെ ആശ്രയിച്ചിരിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ് സൂചിപ്പിച്ചു .”ഇപ്പോൾ, ഞങ്ങൾ യുണൈറ്റഡ് കിംഗ്‌ഡവുമായി ഒരു കരാറിലേർപ്പെട്ടു, ചൈനയുമായി ഒരു കരാറിലേർപ്പെട്ടു. ഇന്ത്യയുമായി ഒരു കരാറിൽ ഏർപ്പെടുന്നതിന് അടുത്തെത്തി. ഞങ്ങൾ മറ്റുള്ളവരുമായി കൂടിക്കാഴ്ച നടത്തി, ഞങ്ങൾക്ക് ഒരു കരാറിൽ ഏർപ്പെടാൻ കഴിയുമെന്ന് ഞങ്ങൾ കരുതുന്നില്ല, അതിനാൽ ഞങ്ങൾ അവർക്ക് ഒരു കത്ത് അയയ്ക്കുന്നു,” ട്രംപ് പറഞ്ഞു.