ശ്വാസകോശത്തിന് താഴെയുള്ള പേശിയായ ഡയഫ്രം ചുരുങ്ങുന്നത് മൂലം സ്വരതന്തുക്കള്‍ പെട്ടെന്ന് അടയുകയും ഒരു ശബ്ദം നാം അറിയാതെ തന്നെ പുറത്തേക്ക് വരികയും ചെയ്യുന്ന പ്രതിഭാസമാണ് എക്കിള്‍.
കൂടുതൽ ഭക്ഷണം കഴിക്കുക, പൊട്ടിച്ചിരിക്കുക, പെട്ടെന്ന് ശ്വാസം നീട്ടി വലിക്കുക തുടങ്ങി പല കാരണങ്ങൾകൊണ്ടും എക്കിൾ ഉണ്ടാവാം. സാധാരണ ഗതിയില്‍ ഏതാനും മിനിട്ടിനുള്ളില്‍ തനിയെ ശരിയാകുന്ന സംഗതിയാണ് ഇത്. എന്നാല്‍ ചില അപൂര്‍വം കേസുകളില്‍ ഇത് ചില പ്രശ്‌നങ്ങളുടെ സൂചനയാകാം. ചിലപ്പോൾ എക്കിളിനെ തട്ടിയുണര്‍ത്താവുന്ന ട്രിഗറുകള്‍ പലതുണ്ട്.
വേഗത്തിലുള്ള ഭക്ഷണം കഴിപ്പും വെള്ളം കുടിയും, സോഡ, ചൂട് പാനീയങ്ങള്‍, മദ്യം എന്നിവ കുടിക്കല്‍, വയറില്‍ ഗ്യാസ്, വൈകാരിക സമ്മര്‍ദ്ദം, ശക്തമായ വികാരവിക്ഷോഭങ്ങള്‍, അമിതമായ ഭക്ഷണം കഴിക്കല്‍, കഴിക്കുമ്പോള്‍ വായു അമിതമായി അകത്തേക്ക് തള്ളല്‍, അനസ്‌തേഷ്യ, സ്‌റ്റിറോയ്‌ഡുകള്‍ പോലുള്ള മരുന്നുകള്‍ എന്നിവയെല്ലാം എക്കിളിന്റെ ട്രിഗറുകളാണ്. എക്കിള്‍ നീണ്ടു നില്‍ക്കുന്നത് ചില തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.
എക്കിൾ വന്നാൽ ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് മൂലം ശരീരഭാരം കുറയാനും നിര്‍ജലീകരണം സംഭവിക്കാനും സാധ്യതയുണ്ട്. സംസാരിക്കാനുള്ള ബുദ്ധിമുട്ട് ആശയവിനിമയ പ്രശ്‌നങ്ങളും ഉണ്ടാക്കാം. മുറിവ് കരിയാനുള്ള താമസം, ശസ്‌ത്രക്രിയക്ക് ശേഷമുള്ള രക്തസ്രാവം, താളം തെറ്റിയ ഹൃദയമിടിപ്പ്, ഗാസ്‌ട്രോഈസോഫാഗല്‍ റിഫ്‌ളക്‌സ് ഡിസീസ്, ഉറക്കം ഞെട്ടല്‍, സാമൂഹികമായ ഒറ്റപ്പെടല്‍ എന്നിങ്ങനെയുള്ള പല സങ്കീര്‍ണ്ണതകള്‍ എക്കിള്‍ മൂലം ഉണ്ടാകാം
തണുത്ത വെള്ളം പതിയെ സിപ് ചെയ്‌ത് കുടിച്ചും കുലുക്കുഴിഞ്ഞും എക്കിള്‍ ഒഴിവാക്കാം. ശ്വാസം കുറച്ച് നേരം പിടിച്ചു വച്ചിട്ട് പതിയെ പുറത്തേക്ക് വിടുന്നതും സഹായകമാണ്. മധുരവും പുളിപ്പുമുള്ള ചില ഭക്ഷണങ്ങളും എക്കിള്‍ മാറാന്‍ സഹായകമാണ്. തരികളാക്കി പഞ്ചസാര വിഴുങ്ങുന്നതും നാരങ്ങ കടിക്കുന്നതും വിനാഗിരി ചെറിയ അളവില്‍ രുചിക്കുന്നതും ഗുണം ചെയ്യാം.
ഒരു പേപ്പര്‍ ബാഗെടുത്ത് അതിനുള്ളിലേക്ക് ശ്വാസം നിറയ്‌ക്കുന്നതും സഹായകമായേക്കാം. മുട്ടുകള്‍ നെഞ്ചിനോട് ചേര്‍ത്ത് വച്ച് കെട്ടിപിടിക്കുന്നതും മുന്നിലേക്ക് ആഞ്ഞ് നെഞ്ച് അമര്‍ത്തുന്നതും എക്കിള്‍ നില്‍ക്കാന്‍ സഹായിക്കാം. തൊണ്ടയില്‍ മൃദുവായി തൊടുന്നതും കണ്ണുകള്‍ തിരുമുന്നതും എക്കിള്‍ നില്‍ക്കാന്‍ സഹായിക്കാം.
48 മണിക്കൂറിലധികം നീണ്ട് നില്‍ക്കുന്ന എക്കിളിനെ ക്രോണിക് ഹിക്കപ്പ് എന്ന് വിളിക്കും. ഇത് ഗുരുതരമായ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാകാം വരുന്നത്. പക്ഷാഘാതം, നാഡീവ്യൂഹത്തിന്റെ നാശം, ഹൃദയാഘാതം, ന്യുമോണിയ, അര്‍ബുദം, അര്‍ബുദ ചികിത്സയുടെ പാര്‍ശ്വഫലം, പാന്‍ക്രിയാറ്റിറ്റിസ്, അന്ന നാളിക്ക് വരുന്ന അസ്വസ്ഥത, അണുബാധ, അന്ന നാളിയുടെ വീക്കം എന്നിവയുടെ ലക്ഷണവുമാകാം എക്കിള്‍. തുടര്‍ച്ചയായ എക്കിള്‍ വരുകയോ ഇത് മൂലം ഉറക്കവും സംസാരവും ഭക്ഷണം കഴിപ്പും തടസ്സപ്പെടുകയോ ചെയ്‌താലോ ഡോക്ടറെ കാണേണ്ടതാണ്. എക്കിളിനൊപ്പം നെഞ്ച് വേദന, പനി, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ വന്നാലും ശ്രദ്ധിക്കണം. അതും മുന്നറിയിപ്പാവാം.
content highlight: Hiccups