യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ ആ നാടിനെക്കുറിച്ച് കുറച്ചൊക്കെ അറിഞ്ഞിരിക്കണം. അല്ലകിൽ നല്ല മുട്ടൻ പണി കിട്ടും. അവിടുത്തെ ഭാഷ, സംസ്ക്കാരം രീതികൾ അങ്ങനെയെല്ലാ കാര്യങ്ങളെ കുറിച്ചും ധാരണ ഉണ്ടായിരിക്കണം.
പുതിയ നാടുകളിലേക്ക് യാത്ര പോകുമ്പോൾ ആവേശത്തേക്കാൾ ഉപരി ബഹുമാനവും ആദരവും മനസ്സിൽ സൂക്ഷിക്കണം. മര്യാദ എന്നൊന്നുണ്ട്, അത് കൈമോശം വരാതെ കാത്തുസൂക്ഷിക്കേണ്ടത് ഇത്തരം സാഹചര്യങ്ങളിൽ വളരെ അവശ്യമാണ്. ഓരോ നാട്ടിലും ചെല്ലുമ്പോൾ കാണാനും ചെയ്യാനും നിരവധി കാര്യങ്ങൾ ഉണ്ടായിരിക്കും. എന്നാൽ, ഓരോ സ്ഥലത്തേക്ക് പോകുമ്പോഴും എന്തൊക്കെ കാര്യങ്ങൾ ചെയ്യണം, എന്തൊക്കെ കാര്യങ്ങൾ ചെയ്യരുത് എന്നതിൽ കൃത്യമായ ധാരണ ഉണ്ടായിരിക്കണം.
പ്രാദേശിക ഭാഷ കുറച്ച് പഠിച്ചിരിക്കുക
പുതിയതായി ഒരു സ്ഥലത്തേക്ക് യാത്ര പോകുമ്പോൾ ആ നാട്ടിലെ ഭാഷയെക്കുറിച്ച് ഒരു ചെറിയ ധാരണ ഉണ്ടായിരിക്കുന്നത് നല്ലതാണ്. പ്രാദേശിക ഭാഷയിലെ ചില അടിസ്ഥാന വാക്കുകൾ അറിഞ്ഞിരിക്കണം. ആ നാട്ടിലെ ഭാഷയിൽ ഹലോ, ഗുഡ് മോണിങ്, സുഖമാണോ എന്നിങ്ങനെയെല്ലാം ചോദിക്കുന്നത് നിങ്ങൾക്ക് കൂടുതൽ കരുതലും ബഹുമാനവും നേടിത്തരും. നിങ്ങൾക്ക് ആ നാടിനോടും സംസ്കാരത്തോടുമുള്ള ആദരവും താൽപര്യവുമാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്.
നാടറിഞ്ഞ് വസ്ത്രം ധരിക്കുക
ഒരു നാട്ടിലേക്കു ചെല്ലുമ്പോൾ ആ നാടിന്റെ സംസ്കാരം അറിഞ്ഞ് വസ്ത്രം ധരിക്കുക. യാഥാസ്ഥിതിക ചിന്താഗതി വച്ചുപുലർത്തുന്ന ഒരു നാട്ടിലേക്ക് ചെന്ന് കാഷ്വൽ ആയി വസ്ത്രം ധരിക്കുമ്പോൾ ആ നാട്ടിലുള്ളവർക്കും അത് ബുദ്ധിമുട്ടാകും. പ്രത്യേകിച്ച് മതപരമായി പ്രാധാന്യമുള്ള ഇടങ്ങൾ സന്ദർശിക്കുമ്പോൾ വസ്ത്രധാരണം നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നാട്ടിൽ കൂടി സഞ്ചരിക്കുമ്പോൾ ആ നാടിന്റെ വസ്ത്രധാരണ രീതി പിന്തുടരാൻ കഴിയുമെങ്കിൽ അത് കൂടുതൽ നന്നായിരിക്കും.
താമസിക്കുന്ന ഇടം ശ്രദ്ധയോടെ പരിപാലിക്കുക
നിങ്ങൾ താമസിക്കുന്നത് ഫൈവ് സ്റ്റാർ ഹോട്ടലിലോ ഏതെങ്കിലും ഹോം സ്റ്റേയിലോ ആയിക്കൊള്ളട്ടെ, അത് സ്വന്തം ഇടം പോലെ പരിപാലിക്കുക. മാലിന്യങ്ങൾ വലിച്ചെറിയാതെ ഡസ്റ്റ് ബിന്നിൽ തന്നെ നിക്ഷേപിക്കുക. താമസം അവസാനിക്കുമ്പോൾ മുറി എങ്ങനെയാണോ ഏൽപിച്ചത് അങ്ങനെ തന്നെ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ടവ്വലുകൾ, ബ്ലാങ്കറ്റുകൾ, ഹെയർ ഡ്രയർ, കെറ്റിൽ തുടങ്ങി എല്ലാ വസ്തുക്കളും തിരികെ യഥാസ്ഥാനത്ത് തന്നെ വയ്ക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒന്നും അടിച്ചു മാറ്റാതിരിക്കുക!.
പൊതുഇടങ്ങളിൽ ജാഗ്രതയോടെ പെരുമാറുക
വീട് വിട്ടിറങ്ങിയാലും ചിലർ തനിസ്വഭാവം കാണിച്ചു കൊണ്ടേയിരിക്കും. പരിസരത്തുള്ളവരെ പരിഗണിക്കാതെ ഒച്ചയും ബഹളവും ഒക്കെ ഇവരുടെ ശീലമാണ്. യാത്ര പോകുമ്പോൾ ആ നാട്ടിലെ സംസ്കാരം പരിഗണിക്കാതെ ഉച്ചത്തിൽ വർത്തമാനം പറയുന്നതും ബഹളമുണ്ടാക്കുന്നതും വലിയ എന്തോ കാര്യമായി കാണുന്നവരും ഉണ്ട്. എന്നാൽ, പ്രദേശവാസികൾക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഓർക്കുക, നിശബ്ദത എന്നത് മര്യാദയുടെ ഒരു ആഗോള ഭാഷയാണ്.
ഇത് മാത്രമല്ല, മാർക്കറ്റുകളിൽ പോകുമ്പോൾ ഒരു മയമില്ലാതെ വില പേശുന്നതും അത്ര നല്ലതല്ല. പ്രത്യേകിച്ച് ഒരു അന്യരാജ്യത്ത് ചെല്ലുമ്പോൾ. പ്രാദേശികമായ വില മനസ്സിലായതിനു ശേഷം മാത്രം വില പേശലിനു തയ്യാറെടുക്കുക. കൂടാതെ, ക്ഷേത്രം, ക്രൈസ്തവ ദേവാലയങ്ങൾ, മോസ്കുകൾ തുടങ്ങിയ മതപരമായ കേന്ദ്രങ്ങളിൽ പോകുമ്പോൾ തികഞ്ഞ ആദരവോടെയും ബഹുമാനത്തോടെയും പോകുക. നിർദ്ദേശിക്കപ്പെട്ട വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. മൊബൈൽ ഫോൺ കൈയിൽ എത്തിയതോടെ അനാവശ്യമായി ആളുകളുടെ ചിത്രങ്ങൾ പകർത്തുന്നത് മിക്കവരും ഒരു ശീലമാക്കിയിട്ടുണ്ട്. അത് തികഞ്ഞ മര്യാദകേടാണ്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ചിത്രങ്ങൾ ഒരിക്കലും പകർത്തരുത്. പുതിയതായി ഒരു സ്ഥലത്തേക്ക് യാത്ര പോകുമ്പോൾ, അത് ഒരു അന്യരാജ്യമാണെങ്കിൽ തികഞ്ഞ മര്യാദ യാത്രയിലുടനീളം പുലർത്താൻ ശ്രമിക്കുക.
















