കാബുൾ: കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഐസിസി അംപയർ ബിസ്മില്ല ജൻ ഷിൻവാരിക്ക് ദാരുണാന്ത്യം. 41 വയസായിരുന്നു. പാക്കിസ്ഥാനിലെ പെഷവാറിൽ വച്ചായിരുന്നു ശരീരത്തിലെ കൊഴുപ്പു നീക്കൽ ശസ്ത്രക്രിയ നടന്നത്. പിന്നാലെ ആയിരുന്നു ബിസ്മില്ല ജൻ ഷിൻവാരിയുടെ അന്ത്യം.
ഷിൻവാരി 34 ഏകദിന മത്സരങ്ങളും 26 ട്വന്റി20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. 2017ൽ ഷാർജയിൽ നടന്ന അഫ്ഗാനിസ്ഥാൻ– അയർലൻഡ് മത്സരമാണ് കരിയറിൽ ആദ്യമായി നിയന്ത്രിച്ചത്. കഴിഞ്ഞ ദിവസമാണു പാക്കിസ്ഥാനിലെ പെഷവാറിലെത്തി ശസ്ത്രക്രിയയ്ക്കു വിധേയനായത്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ഷിൻവാരി പാക്കിസ്ഥാനിലേക്കു പോയതെന്ന് സഹോദരൻ സെയ്ദ ജൻ ഒരു രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു. ‘‘വയറിലെ കൊഴുപ്പു നീക്കം ചെയ്യുന്നതിനായി അദ്ദേഹം ശസ്ത്രക്രിയയ്ക്കു വിധേയനായി. കുറച്ചു ദിവസം ആശുപത്രിയിലായിരുന്നു. എന്നാൽ പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു.’’– സെയ്ദ ജൻ വ്യക്തമാക്കി. ഐസിസി ചെയർമാൻ ജയ് ഷാ ബിസ്മില്ല ഷിൻവാരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
‘‘ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. ക്രിക്കറ്റ് ലോകം അദ്ദേഹത്തെ മിസ് ചെയ്യും. ബിസ്മില്ല ഷിൻവാരിയുടെ മരണത്തിൽ അനുശോചനവും കുടുംബത്തിനുള്ള പിന്തുണയും അറിയിക്കുകയാണ്.’’– ജയ്ഷാ പ്രതികരിച്ചു.
















