പിഎം കുസും പദ്ധതി പ്രകാരം സൗരോര്‍ജ പമ്പുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി നടത്തിയ 240 കോടി രൂപയുടെ ടെന്‍ഡറില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകള്‍ മുഴുവന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പുറത്തു വിട്ടു. അഞ്ചു കോടി രൂപ വരെ ടെന്‍ഡര്‍ വിളിക്കാന്‍ അനുമതിയുള്ള അനര്‍ട്ട് സിഇഒ 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചതു മുതല്‍ ക്രമക്കേടുകള്‍ ആരംഭിക്കുന്നു.
സര്‍ക്കാരിന്റെ രേഖാമൂലമായ അനുമതിയില്ലാതെ എങ്ങനെയാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ സാധിക്കുന്നത് എന്നു വ്യക്തമാക്കണം.മൊത്തം പ്രോസസിലും ക്രമക്കേടാണ് നടന്നിരിക്കുന്നത്. കോണ്ടാസ് ഓട്ടോമേഷന്‍ എന്ന കമ്പനിക്ക് ടെന്‍ഡര്‍ സമര്‍പ്പിച്ച ശേഷം തിരുത്തലുകള്‍ക്ക് അവസരം നല്‍കുകയും അവര്‍ക്കും വര്‍ക്ക് ഓര്‍ഡര്‍ ഇഷ്യൂ ചെയ്യുകയും ചെയ്തിരിക്കുന്നു. ടെന്‍ഡര്‍ തുറന്ന ശേഷം എങ്ങനെയാണ് മാറ്റം അനുവദിക്കാന്‍ സാധിക്കുക.
ഇത്തരം പമ്പുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ചിരിക്കുന്ന ബെഞ്ച് മാര്‍ക്ക് തുകയുടെ ഇരട്ടിയിലേറെ തുകയ്ക്കാണ് മിക്ക കോണ്‍ട്രാക്ടുകളും നല്‍കിയിരിക്കുന്നത്. ഒരു ലക്ഷം രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരെയുള്ള വ്യത്യാസമാണ് രണ്ട് കിലോവാട്ട് മുതല്‍ 10 കിലോവാട്ട് വരെയുള്ള വിവിധ സൗര്‍ജ പദ്ധതികള്‍ സ്ഥാപിക്കുന്നതിനായുള്ള കോണ്‍ട്രാക്ടുകളില്‍ ഉള്ളത്. ഏതാണ്ട് നൂറു കോടിയില്‍ പരം രൂപയുടെ വ്യത്യാസമാണ് ഇത് മൊത്തം പദ്ധതിചെലവില്‍ ഉണ്ടാക്കിയിരിക്കുന്നത്.
ഇത്രയേറെ വ്യത്യാസം വരുത്താന്‍ ഉള്ള അനുമതി എങ്ങനെ ലഭിച്ചു എന്നതും ഇതിനുള്ള അഴിമതിയും അന്വേഷണ വിധേയമാക്കണം. 175 കോടി രൂപ നബാര്‍ഡില്‍ നിന്നു വായ്പയെടുത്താണ് ഈ ക്രമക്കേട് നടത്തുന്നത്. പദ്ധതികള്‍ പിഴവില്ലാതെ നടപ്പാക്കുന്നതിനു വേണ്ടി കമ്പനികള്‍ക്ക് ഗ്രേഡിങ് നടപ്പിലാക്കിയിരുന്നു. ഇതില്‍ ക്വാളിഫൈ ചെയ്യാത്ത കമ്പനികള്‍ക്കും കരാര്‍ നല്‍കി എന്നാണ് മനസിലാകുന്നത്. ഏറ്റവും കുറഞ്ഞ തുക വെച്ച ടാറ്റാ സോളാറിനേക്കാള്‍ താഴ്ന്ന തുക ടെന്‍ഡര്‍ സമര്‍പ്പിച്ച ഗ്രേഡിങ് ഇല്ലാത്ത കമ്പനികള്‍ക്കും ടാറ്റയുടെ തുകയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
ആര്‍ക്കും ഈ സോളാര്‍ പദ്ധതി ഇന്‍സ്റ്റാള്‍ ചെയ്യാം എന്ന നിലയാണ്. യാതൊരു ഗുണനിലവാര പരിശോധനകളും ബാധകമാക്കാതെ തോന്നും പോലെ ക്രമവിരുദ്ധമായാണ് കരാര്‍ നല്‍കിയിരിക്കുന്നത്. അനര്‍ട്ട് സി.ഇ.ഒ യെ മാറ്റിനിര്‍ത്തി ഇതിലെ എല്ലാ ക്രമക്കേടുകളെക്കുറിച്ചും അന്വേഷണത്തിന് ഉത്തരവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
CONTENT HIGH LIGHTS; Widespread irregularities in the PM Kusum Solar Pump Project implemented through ANERT: Irregularities of over Rs. 100 crore in borrowing Rs. 175 crore from NABARD, increasing the total project cost by over Rs. 100 crore