കുടുംബമായി പോയി അവധിക്കാലം ആഘോഷിക്കാൻ പറ്റിയ സഥലമാണ് ട്രൈ വാലി. സാൻഫ്രാൻസിസ്കോയിൽ നിന്നും 35 മൈൽ കിഴക്കായാണ് ട്രൈ വാലി സ്ഥിതി ചെയ്യുന്നത്. ട്രൈ-വാലി വിനോദസഞ്ചാരികൾക്ക് പറ്റിയ ഇടമാണ്. നിരവധി സ്ഥലങ്ങളാണ് അവിടെ കാണാനുള്ളത്.
പ്ലെസന്റൺ, ലിവർമോർ, ഡബ്ലിൻ, ഡാൻവിൽ തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുന്നതാണ് ട്രൈ-വാലി. ഓരോ സീസണിലും വ്യത്യസ്ത കാഴ്ചകളൊരുക്കി സന്ദർശകരെ സ്വാഗതം ചെയ്യുകയാണ് ഈ മനോഹര സ്ഥലം . ഇവിടം ഓരോ സീസണിലുമുണ്ടാകുന്ന പുതിയ മാറ്റങ്ങളോടൊപ്പം മറക്കാനാകാത്ത അനുഭവം കൂടിയാണ് സഞ്ചാരികൾക്ക് നൽകുന്നത്.
ഇവിടെ എത്തിയാൽ നിങ്ങൾക്ക് ചെയ്യാൻ പറ്റിയ ഒന്നാണ് വൈൻ ടേസ്റ്റിങ്. ലിവർമോർ വാലി വൈൻ കൺട്രിയിലെ വൈൻ ടേസ്റ്റിങ് വർഷം മുഴുവൻ ഉണ്ടാകും. ശരത്കാലമാകുമ്പോഴേക്കും മുന്തിരിത്തോട്ടങ്ങളെല്ലാം തനത് നിറങ്ങളിൽ മനോഹരിയായി നിൽക്കുന്നുണ്ടാകും. ഈ സമയം ഇങ്ങോട്ടേക്കുള്ള യാത്ര സുന്ദരമായിരിക്കും. ട്രൈ-വാലിയിലെ ലിവർമോർ വാലിയിൽ 50 വൈനറികളുണ്ട്, ഓരോന്നും വ്യത്യസ്തമായ അനുഭവമാണ് വൈൻ ടേസ്റ്റിങ്ങിന്റെ കാര്യത്തിൽ നൽകുന്നത്. വിളവെടുപ്പ് ഓഗസ്റ്റ് പകുതിയോടെ ആരംഭിച്ച് നവംബർ അവസാനം വരെ നീളുന്നു. ഈ സമയം ഇവിടങ്ങളിൽ വിവിധ പരിപാടികളും ഉണ്ടാകും.
ഇവിടെ കർഷകരുടെ ഒരു മാർക്കറ്റുണ്ട്. ഇവിടെ നിന്നും വിവിധ കർഷകരെയും കലാകാരൻമാരെയും അങ്ങനെ പല ആളുകളെയും കാണാൻ കഴിയും. അത് നല്ലൊരു അനുഭവം തന്നെയാണ്. അടുത്തുള്ള ഫാമുകളിൽ നിന്നുള്ള പുതിയ ഉൽപന്നങ്ങൾ, പ്രാദേശിക നിർമാതാക്കൾ ഉണ്ടാക്കിയ സമ്മാനങ്ങൾ, അലങ്കാര വസ്തുക്കൾ, മറ്റ് സാധനങ്ങൾ എന്നിവയെല്ലാം കർഷകരുടെ മാർക്കറ്റുകളിൽ കാണാം.
കോഫി ഷോപ്പുകൾ ടീ ഹൗസുകൾ കഫേകള്‍ എന്നിവയെല്ലാം ട്രൈ വാലിയിലുണ്ട്. കുടുംബവുമൊത്തോ സുഹൃത്തുക്കളുടെ കൂടെയോ സമയം ചെലവഴിക്കാൻ പറ്റിയ ഇടം കൂടിയാണിത്.
എല്ലാ പ്രായത്തിലുള്ളവർക്കും മികച്ച അനുഭവം നൽകുന്ന ഫൺ റൈഡുകളൊക്കെ ഉള്ള സ്ഥലമാണ് ലിവർമോറിൽ സ്ഥിതി ചെയ്യുന്ന G&M ഫാം. റൈഡുകൾ മാത്രമല്ല മറിച്ച് ഫാമിലെ മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കാനും ഓൾഡ് വെസ്റ്റ് ടൗൺ സന്ദർശിക്കാനും അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാം.
ഇവിടെ മനോഹരമായ ഒരു പാതയുണ്ട്.കോൺകോർഡ് മുതൽ പ്ലെസന്റൺ വരെ നീളുന്ന 32 മൈൽ വരുന്ന പാതയാണിത്. ഈ പ്രദേശത്തെ മുഴുവൻ ഈ പാതയിലൂടെ ബന്ധിപ്പിക്കുക മാത്രമല്ല, പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാൻ പറ്റിയ ഒരു മികച്ച സ്ഥലം കൂടിയാണിത്. ട്രൈ വാലി പ്രദേശത്ത് വ്യത്യസ്തതരം ആപ്പിളുകളുണ്ട്. സീസണലായി ഉണ്ടാകുന്ന ഇവയെ ഫ്രെഷായി പറിച്ചെടുക്കുകയും ചെയ്യും. നിങ്ങൾക്കിത് രുചിക്കണമെങ്കിൽ ആൽഡൻ ലെയ്ൻ നഴ്സറിയിലേക്ക് പോയാൽ മതി. സെബാസ്റ്റോപോളിലെ ഡേവ് ഹെയ്‌ലിന്റെ ഫാമിൽ വളർത്തിയ വിവിധതരം ഫ്രഷ് ആപ്പിളുകളാണിവ.