കേരളസർവകലാശാലയിൽ തുടരുന്ന വിസി-രജിസ്ട്രാർ വിവാദങ്ങൾക്കിടെ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ നൽകിയ അവധി അപേക്ഷ നിരസിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ. ജൂലൈ ഒൻപത് മുതൽ കുറച്ചു നാളത്തെ അവധി വേണമെന്നാണ് അപേക്ഷയിൽ പറയുന്നത്.
തനിക്ക് ശാരീരികാസ്വസ്ഥതയും രക്തസമ്മർദ്ദത്തിൽ ഏറ്റകുറച്ചിലും ഉള്ളതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ജൂലൈ ഒൻപത് മുതൽ കുറച്ചു നാളത്തെ അവധി വേണമെന്നും. തൻറെ അഭാവത്തിൽ രജിസ്ട്രാറുടെ ചുമതല പരീക്ഷ കൺട്രോളർക്കോ കാര്യവട്ടം ക്യാമ്പസ് ജോയിൻറ് രജിസ്ട്രാർക്കോ നൽകണമെന്നും വിസിക്ക് മെയിലിൽ അയച്ച അപേക്ഷയിൽ രജിസ്ട്രാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, സസ്പെൻഷനിൽ തുടരുന്ന ഉദ്യോഗസ്ഥന്റെ അവധി അപേക്ഷയ്ക്ക് എന്തുപ്രസക്തി എന്ന് രേഖപ്പെടുത്തി വിസി ലീവ് അപേക്ഷ നിരസിച്ചു.
നേരത്തെ ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തിനെ തുടർന്ന് രജിസ്ട്രാറെ വി.സി സസ്പെൻഡ് ചെയ്തിരുന്നു. പ്രത്യേക സാഹചര്യങ്ങളിൽ വിസിയ്ക്ക് സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള വ്യവസ്ഥ ഉപയോഗിച്ചായിരുന്നു നടപടി. പിന്നീട് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ചേർന്ന് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കിയിരുന്നു. എന്നാൽ, സിൻഡിക്കേറ്റിന്റെ ഈ നടപടി വിസി അംഗീകരിച്ചിരുന്നില്ല.
STORY HIGHLIGHT: kerala university registrar leave controversy