സൗന്ദര്യത്തിനും ആരോഗ്യത്തിനും കറ്റാര്‍ വാഴ നല്‍കുന്ന ഗുണങ്ങള്‍ ചെറുതൊന്നുമല്ല. എത്ര വലിയ സൗന്ദര്യ പ്രശ്‌നവും വീട്ടുമുറ്റത്തെ കറ്റാര്‍വാഴ കൊണ്ട് മാറ്റിയെടുക്കാം. എന്നാല്‍ കറ്റാര്‍ വാഴയുടെ ചില ഉപയോഗ രീതികള്‍ പലര്‍ക്കുമറിയില്ല. സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ പ്രശ്‌നങ്ങള്‍ മാറ്റുന്നതിനും വിശ്വസിച്ച് ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ജെല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ഒന്ന്
കണ്‍തടങ്ങളിലെ കറുപ്പാണ് പലരും നേരിടുന്ന പ്രശ്‌നം. കണ്‍തടത്തിലെ രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമാണ് ഇതിന്റെ പ്രധാന കാരണം. കറ്റാര്‍ വാഴ ജെല്ലില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളും വൈറ്റമിനുകളും ഈ പ്രശ്‌നം പരിഹരിക്കാന്‍ അത്യുത്തമമാണ്. കറ്റാര്‍ വാഴ ജെല്‍ അല്‍പ്പമെടുത്ത് കണ്‍തടങ്ങളില്‍ നിത്യേന മസാജ് ചെയ്യുന്നത് കണ്ണിനു താഴത്തെ കറുപ്പ് കുറക്കാന്‍ സഹായിക്കും.
രണ്ട്
നിറം വര്‍ദ്ധിപ്പിയ്ക്കാനും കറ്റാര്‍ വാഴ ജെല്‍ നല്ലതാണെന്ന് പറയപ്പെടുന്നു. കറ്റാര്‍വാഴയിലെ ആന്റിഓക്സിഡന്റ് ഗുണങ്ങളും വൈറ്റമിനുകളുമെല്ലാമാണ് ഇതിന് സഹായിക്കുന്നത്. കറ്റാര്‍വാഴ ജെല്‍ കൊണ്ട് മസാജ് ചെയ്യുമ്പോള്‍ ചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും ക്രമേണ മുഖത്തിന്റെ നിറം വര്‍ദ്ധിക്കുകയും ചെയ്യും.
മൂന്ന്
ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ കൂടാതെ ത്വക്കിനെ മൃദുവാക്കുന്ന സാലിസിലിക് ഗുണങ്ങള്‍ കൂടി അടങ്ങിയതാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ ജെല്‍ പതിവായി മുഖത്തു പുരട്ടിയാല്‍ മുഖത്തെ പാടുകളും മുഖക്കുരവും പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കും.
നാല്
അലോവേരയില്‍ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന്റെ സ്വാഭാവികമായ ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വരണ്ട ചര്‍മ്മക്കാര്‍ക്ക് കറ്റാര്‍വാഴ മോയ്‌സ്ചറൈസര്‍ പോലെ ഉപയോഗിക്കാവുന്നതാണ്.
അഞ്ച്
സൂര്യാതാപത്തില്‍ നിന്നും പരിരക്ഷ നല്‍കാന്‍ കറ്റാര്‍വാഴ സഹായകരമാണെന്ന് പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. സ്ഥിരമായി കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് ചര്‍മ്മത്തെ സൂര്യന്റെ കടുത്തരശ്മികളില്‍ നിന്നും സംരക്ഷിക്കും.