രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന പഴമാണ് മാതളം. ദിവസവും മാതള ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചർമത്തിന് തിളക്കാൻ ലഭിക്കാൻ മാതളം കഴിച്ചാൽ മതി. ഓർമശക്തി വർധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഈ പഴം സഹായിക്കുന്നു.
മുറിക്കാന്‍ മടിച്ച് മാറ്റി വെക്കാൻ സാധ്യതയുളള എന്നാൽ തൊലിക്കുളളിൽ ചെറുമണികളായി നിറംകൊണ്ട് വിസ്മയിപ്പിക്കുന്ന പഴമാണ് മാതളം. ഉറുമാമ്പഴമെന്നും മാതളമെന്നും അനാറെന്നുമൊക്കെ കേരളത്തിൽ വിളിപ്പേരുള്ള ഇവ ദിവും കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മുത്തുപോലുള്ള വിത്തുകള്‍ നിറഞ്ഞ ഈ പഴം ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, നാരുകൾ എന്നിവയാല്‍ സമ്പുഷ്ടമാണ്. ദിവസവും ഒരു മാതളം കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന പ്രധാന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ഹൃദയാരോഗ്യം
മാതളത്തിൽ പോളിഫിനോള്‍, പ്യൂനികലാജിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് മികച്ചതാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും, ധമനികളിലെ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുകയും, രക്തപ്രവാഹം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
വിറ്റാമിന്‍ സി-യുടെ ഉറവിടമായ മാതളം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. മാതളത്തിലെ ആന്റിഓക്സിഡന്റുകള്‍ ബാക്ടീരിയ, വൈറസ് എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
മാതളത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിന്റെ ആരോഗ്യം സംരംക്ഷിക്കും. കൂടാതെ ചര്‍മത്തിന്റെ സ്വഭാവിക തിളക്കം വീണ്ടെടുക്കുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യും.
ഓർമശക്തി
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മാതളം കഴിക്കുന്നത് നല്ലതാണ്. ഓർമകുറവിൻ്റെ സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആന്റി -ഇന്‍ഫ്ളമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ദഹനവ്യവസ്ഥയിലെ വീക്കം കുറയ്ക്കുകയും വന്‍കുടല്‍ പുണ്ണ് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു
കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കവും മാതളനാരങ്ങയെ ശരീരഭാരം നിയന്ത്രിക്കാന്‍ അനുയോജ്യമാക്കുന്നു. നാരുകളുടെ സാന്നിധ്യം വിശപ്പ് കുറയ്ക്കുകയും അനാവശ്യ ഭക്ഷണാസക്തി തടയുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
മധുരമുള്ള രുചി ഉണ്ടെങ്കിലും, മാതളത്തിൻ്റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്രീ വർക്ക് ഔട്ട് മീലിലും ഉൾപ്പെടുത്താം
മാതളത്തിൻ്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വ്യായാമത്തിനു ശേഷമുള്ള പേശി വേദന കുറയ്ക്കുകയും വേഗത്തിലുള്ള വീണ്ടെടുക്കല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 30 മിനിറ്റ് മുമ്പ് മാതളത്തിൻ്റെ ജ്യൂസ് കുടിക്കുന്നത് രക്തപ്രവാഹം മെച്ചപ്പെടുത്തി വ്യായാമ സമയത്ത് ഊർജ്വസ്വലമായി നിൽക്കാൻ സഹായിക്കുന്നു.