ബോളിവുഡ് നടനായ രണ്‍വീര്‍ സിങ്ങിന്റെ വാഹന ശേഖരത്തിലേക്ക് പുതിയ ഒരതിഥി കൂടി. ഹമ്മറിന്റെ ഇലക്ട്രിക് മോഡൽ ഗ്യാരേജിൽ എത്തിച്ച് രണ്‍വീര്‍ സിങ്. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജിഎംസി പുറത്തിറക്കിയിട്ടുള്ള ഹമ്മറിന്റെ ഇലക്ട്രിക് മോഡലാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ തന്നെ വിരലില്‍ എണ്ണാവുന്ന ഹമ്മര്‍ ഇവി മാത്രമാണ് എത്തിയിട്ടുള്ളത്. ഇതില്‍ തന്നെ ഇലക്ട്രിക് ഹമ്മര്‍ സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ സെലിബ്രിറ്റിയുമാണ് രണ്‍വീര്‍ സിങ്. സിഎസ് 12 വ്‌ളോഗ്‌സ് എന്ന യുട്യൂബ് ചാനലാണ് രണ്‍വീര്‍ ഇലക്ട്രിക് ഹമ്മര്‍ സ്വന്തമാക്കിയെന്ന വിവരം ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചിരിക്കുന്നത്.
ഫ്രൈഡേ നൈറ്റ് കാര്‍സ് എന്ന ഡീലര്‍ഷിപ്പാണ് ഈ വാഹനം അദ്ദേഹത്തിനായി എത്തിച്ച് നല്‍കിയതെന്നാണ് വിവരം. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചിട്ടുള്ള വാഹനമാണ് ഫ്രൈഡേ നൈറ്റ് കാര്‍സ് മുഖേന രണ്‍വീര്‍ സ്വന്തമാക്കിയിട്ടുള്ളത്. അമേരിക്കയില്‍ 1.12 ലക്ഷം രൂപ മുതല്‍ (84 ലക്ഷം രൂപ) വില ആരംഭിക്കുന്ന ഈ വാഹനം ഇന്ത്യയില്‍ എത്തുമ്പോള്‍ ഏകദേശം മൂന്ന് മുതല്‍ നാല് കോടി രൂപയോളം ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.
വിദേശ വിപണിയില്‍ 2X, 3X എന്നീ രണ്ട് വേരിയന്റുകളായാണ് ഹമ്മര്‍ ഇവി എത്തുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഡ്യുവല്‍ മോട്ടോറുമായാണ് ഈ വാഹനം എത്തുന്നത്. 830 ബിഎച്ച്പി പവറും 15,592 എന്‍എം ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. ഇതില്‍ 3X പതിപ്പാണ് രണ്‍വീര്‍ സ്വന്തമാക്കിയതെന്നാണ് വിലയിരുത്തല്‍. 178 കിലോവാട്ട് ബാറ്ററി പാക്കുള്ള ഈ വാഹനം 505 കിലോമീറ്റര്‍ റേഞ്ച് നല്‍കും. 3.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഹമ്മര്‍ ഇവിക്ക് സാധിക്കും.
റെഗുലര്‍ ഹമ്മറിനെ പോലെ തന്നെ തലയെടുപ്പ് തന്നെയാണ് ഇലക്ട്രിക് പതിപ്പിന്റെയും സവിശേഷത. ഗ്രില്ല് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലാണ് പ്രധാനമായി ഡിസൈന്‍ മാറ്റം വരുത്തിയിട്ടുള്ളത്. പുതുതലമുറ ഫീച്ചറുകളും ഈ വാഹനത്തിനുള്ളില്‍ നല്‍കുന്നുണ്ട്. കൂടുതല്‍ പ്രകൃതി സൗഹാര്‍ദമാകുന്നതിനൊപ്പം സാങ്കേതികവിദ്യയിലും വാഹനം ഒരുപടി മുന്നിലാണ്. 13.4 ഇഞ്ച് ഡയഗോണല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പമുള്ള ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, ആകര്‍ഷകമായ സീറ്റുകള്‍ തുടങ്ങിയവ അകത്തളത്തില്‍ ഒരുങ്ങും.