ഇന്ന് നിരവധി ആളുകളാണ് വീഡിയോ കാണാനും അപ്‌ലോഡ് ചെയ്യാനും യൂട്യൂബ് ഉപയോഗിക്കുന്നത്. യൂട്യൂബ് ചാനൽ നിരവധിപേർക്ക് അന്നദാതാവ് കൂടിയാണ്. ഇപ്പോഴിതാ ആ അന്നം മുട്ടുന്ന അവസ്ഥയാണ് ഇപ്പോൾ. ഇനി ഒറിജിനൽ കണ്ടന്‍റിന് മാത്രം പണം നൽകാൻ ഒരുങ്ങി യൂട്യൂബ്. ഇനി എന്തും യൂട്യൂബിൽ പോസ്റ്റ് ചെയ്യാനാവില്ല.
ഏറെ കാലമായി നമുക്കെല്ലാം സുപരിചിതമായ സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. സമീപകാലത്തായി യൂട്യൂബിലെ കണ്ടന്റ് ക്രിയേഷന്‍ വലിയൊരു വരുമാനമാര്‍ഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെയാളുകള്‍ യൂട്യൂബിലെ സ്ഥിരം കണ്ടന്റ് ക്രിയേറ്റര്‍മാരാണ്. പലവിധങ്ങളായ ഉള്ളടക്കങ്ങള്‍ നിര്‍മിച്ച് യൂട്യൂബില്‍ പങ്കുവെക്കുന്നവരുണ്ട്. അവരില്‍ പലര്‍ക്കും മികച്ച വരുമാനവും യൂട്യൂബ് നല്‍കുന്നുണ്ട്. ഇപ്പോഴിതാ കണ്ടന്റ് ക്രിയേറ്റര്‍മാരെയാകെ ബാധിക്കുന്ന പോളിസി മാറ്റത്തിന് ഒരുങ്ങുകയാണ് യൂട്യൂബ്. ജൂലായ് 15 മുതലാണ് പുതിയ നയമാറ്റം പ്രാബല്യത്തില്‍ വരിക.
പ്രധാനമായും ധനസമ്പാദനം നടത്താനാകുന്ന വീഡിയോകളുടെ കാര്യത്തിലാണ് യൂട്യൂബ് നയങ്ങള്‍ പരിഷ്‌കരിച്ചത്. ആവര്‍ത്തിച്ചുള്ള ഉള്ളടക്കങ്ങളും യഥാര്‍ഥമല്ലാത്ത ഉള്ളടക്കങ്ങളും ധനസമ്പാദനത്തിന് അനുവദിക്കില്ലെന്ന് യൂട്യൂബ് വ്യക്തമാക്കുന്നു.
ധനസമ്പാദനം അഥവാ മൊണറ്റൈസേഷനുമേല്‍ കടിഞ്ഞാണ്‍
കാഴ്ചക്കാര്‍ക്ക് തിരിച്ചറിയാനാകാത്ത വിധം യാതൊരു വ്യത്യാസവുമില്ലാത്ത ഉള്ളടക്കങ്ങള്‍ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്താല്‍ യൂട്യബില്‍ നിന്ന് കാശ് കിട്ടില്ല. ഒരേ ടെംപ്ലേറ്റില്‍ നിര്‍മിച്ച വീഡിയോകളും ഈ പരിധിയില്‍ പെടും. ഈ ചട്ടം ലംഘിച്ചാല്‍ അത് ചാനലിന്റെ മൊത്തം വരുമാനത്തെ ബാധിക്കും. ഒരു ചാനലിന്റെ ഉള്ളടക്കത്തില്‍ സമാനമായ ഉള്ളടക്കം ഉണ്ടാകുമ്പോള്‍, ആകര്‍ഷകവും രസകരവുമായ വീഡിയോകള്‍ക്കായി യൂട്യബിലേക്ക് വരുന്ന കാഴ്ചക്കാരെ അത് നിരാശരാക്കുമെന്ന് കമ്പനി ബ്ലോഗ്‌പോസ്റ്റില്‍ വ്യക്തമാക്കുന്നു.
മറ്റ് വെബ്‌സൈറ്റുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ വായിക്കുന്നതും സ്വന്തമായി എഴുതാത്ത ഉള്ളടക്കങ്ങള്‍ വായിക്കുന്നതുമൊന്നും യൂട്യൂബ് ധനസമ്പാദനത്തിന് അനുവദിക്കില്ല. വിവരണമോ, കമന്ററിയോ, വിദ്യാഭ്യാസമൂല്യമോ ഇല്ലാത്ത ഇമേജ് സ്ലൈഡ് ഷോകളും സ്‌ക്രോളിങ് ടെക്‌സ്റ്റുകളും മാത്രമുള്ള വീഡിയോകളില്‍ നിന്നും വരുമാനമുണ്ടാക്കാന്‍ സാധിക്കില്ല.
യൂട്യൂബില്‍ നേരത്തെ തന്നെ അപ് ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഉള്ളടക്കങ്ങള്‍ വീഡിയോയില്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. അങ്ങനെ നേരത്തെ അപ്ലോഡ് ചെയ്തവയോ മറ്റുള്ള ഉറവിടങ്ങളില്‍ നിന്നുള്ള വീഡിയോകളോ സ്വന്തം വീഡിയോയില്‍ ക്രിയേറ്റര്‍മാര്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ പ്രകടമായ മാറ്റങ്ങള്‍ വീഡിയോ നിര്‍മിതിയില്‍ ഉണ്ടായിരിക്കണം. അതിന്റെ വിഷയം, നല്‍കിയിരിക്കുന്ന കമന്ററി എന്നിവ ക്രിയേറ്ററുടെ സ്വന്തമായിരിക്കണം. അല്ലെങ്കില്‍ മതിയായ വിദ്യാഭ്യാസ മൂല്യമോ വിനോദത്തിന് അനുയോജ്യമായതോ ആയിരിക്കണം.
അത് തിരിച്ചറിയുന്നതിനായി വീഡിയോകളും ചാനല്‍ ഡിസ്‌ക്രിപ്ഷന്‍, വീഡിയോ ടൈറ്റില്‍, വീഡിയോ ഡിസ്‌ക്രിപ്ഷന്‍ എന്നിവയെല്ലാം റിവ്യൂവര്‍മാര്‍ പരിശോധിക്കും. ഈ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ പ്രസ്തുത വീഡിയോകളെ മാത്രമല്ല മൊത്തം ചാനലിന്റെ ധനസമ്പാദനത്തെ അത് ബാധിക്കും.
അനുവാദമുള്ള ഉള്ളടക്കങ്ങള്‍
കാഴ്ചക്കാര്‍ക്ക് ആസ്വാദ്യകരമായതും പ്രയോജനകരമായതുമായ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് പുതിയ പോളിസി അപ്‌ഡേറ്റിലൂടെ യൂട്യൂബ് ലക്ഷ്യമിടുന്നത്. ഒന്നിനോടൊന്ന് വ്യത്യാസമുള്ള ഉള്ളടക്കങ്ങള്‍ ഉള്ള ചാനലുകള്‍ മോണറ്റൈസ് ചെയ്യാനാവും. ഒരുപോലെയുള്ള ഇന്‍ട്രോ, ഔട്രോ വീഡിയോകള്‍ ഉപയോഗിക്കാം. പക്ഷേ വീഡിയോയുടെ പ്രധാനഭാഗങ്ങള്‍ വ്യത്യാസമുള്ളതായിരിക്കണം. ഒരേദൃശ്യങ്ങള്‍ ഉപയോഗിച്ചാലും വ്യത്യസ്തമായ വിഷയത്തിന് പ്രാധാന്യം നല്‍കുന്നവയായിരിക്കണം. നിങ്ങള്‍ സ്വന്തമായി നിര്‍മിച്ച ദൃശ്യങ്ങള്‍ അല്ലെങ്കിലും ആ വീഡിയോയ്ക്ക് തമാശയോ, വിശകലനമോ ഉള്‍പ്പടെയുള്ള നിങ്ങളുടേതായ മറ്റെന്തെങ്കിലും ആംഗിളില്‍ മാറ്റി നിര്‍മിക്കണം. യഥാര്‍ത്ഥ വീഡിയോയില്‍ നിന്ന് കാഴ്ചക്കാരന് തിരിച്ചറിയാനാവുന്ന മാറ്റം ക്രിയേറ്ററുടെ വീഡിയോക്ക് ഉണ്ടായിരിക്കണമെന്ന് സാരം.