കൊച്ചി: സംസ്ഥാന എന്‍ജിനീയറിങ് പരീക്ഷയായ കീമിന്റെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റേറ്റ് – സിബിഎസ്ഇ സിലബസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലുള്ള അസമത്വം ഒഴിവാക്കാന്‍ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാര്‍ക്ക് ഏകീകരണ ഫോര്‍മുല നടപ്പാക്കിയത് എന്നാണ് സര്‍ക്കാരിന്റെ വാദം.
പ്രോസ്‌പെക്ടസ് എപ്പോള്‍ വേണമെങ്കിലും ഭേദഗതി ചെയ്യാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നും, നടപടി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പിഴവുണ്ട് എന്നും അപ്പീലില്‍, സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷ നടപടികള്‍ തുടങ്ങിയ ശേഷം പ്രോസ്‌പെക്ടസ് ഭേദഗതി ചെയ്തത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ ഹർജിയില്‍ ജസ്റ്റിസ് ഡി കെ സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് റാങ്ക് പട്ടിക റദ്ദാക്കിയത്.
2011 മുതലുളള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി ഫലം പുനഃപ്രസിദ്ധീകരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധിപ്പേർ പട്ടികയ്ക്ക് പുറത്തുപോകും എന്നത് മാത്രമല്ല പ്രവേശന നടപടികളെയടക്കം അവതാളത്തിലാക്കും എന്ന് തിരിച്ചറിഞ്ഞുകൂടിയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
















