ശശി തരൂരിനെതിരെ കെ മുരളീധരൻ രംഗത്ത്. ശശി തരൂര്‍ ഏത് പാര്‍ടിയാണെന്ന് അദ്ദേഹം ആദ്യം തീരുമാനിക്കട്ടെയെന്ന് കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ വിറക് വെട്ടികളും വെള്ളം കോരികളുമായ ഒരു പാട് പേര്‍ കേരളത്തിലുണ്ട് അതിലൊരാള്‍ മുഖ്യമന്ത്രിയാകും. വിശ്വപൗരന്‍ വിശ്വത്തിന്റെ കാര്യം നോക്കട്ടെയെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയായി തന്നെ കാണാൻ ജനം ആഗ്രഹിക്കുന്നുവെന്ന തരത്തിൽ കഴിഞ്ഞദിവസമാണ് തരൂർ സർവേ റിപ്പോർട്ട് പുറത്തുവിട്ടത്. സ്വകാര്യ ഗവേഷണ സ്ഥാപനം നടത്തിയ ‘കേരള വോട്ട് വൈബ് സർവേ 2026’ൽ മുഖ്യമന്ത്രി പദത്തിൽ തരൂരിന് മുൻതൂക്കം നൽകുന്ന സർവേ ഫലമാണുള്ളത്. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരാൻ സാധ്യതയുണ്ടെന്നാണ് സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്.
















