സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന് എതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സമസ്ത. ഓഗസ്റ്റ് അഞ്ചിന് കളക്ടറേറ്റിൽ ധര്‍ണ സംഘടിപ്പിക്കാനും സെപ്റ്റംബര്‍ 30ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ബഹുജന മാര്‍ച്ചും നടത്താനുമാണ് തീരുമാനം. കോഴിക്കോട് നടന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനിലാണ് പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചത്. സമരത്തിന് എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് മുശാവറ അംഗം എം ടി അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞു.
സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്ന് കോഴിക്കോട് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നത്. മദ്രസ പഠനത്തിന് തടസമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് നേരത്തെ സമസ്ത പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരമുഖത്തേക്ക് കടക്കാന്‍ സമസ്ത തീരുമാനിച്ചിരിക്കുന്നത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. എന്നിട്ടും സര്‍ക്കാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറായില്ലെന്നാണ് മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ ആക്ഷേപം.