ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള വിവാദങ്ങൾ അവസാനിപ്പിച്ച് തിയറ്ററിലേക്ക് എത്തുന്നതിൽ പ്രതികരണവുമായി സംവിധായകൻ പ്രവീൺ നാരായണൻ രംഗത്ത്. സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നതിൽ സന്തോഷമുണ്ടെന്നും ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാന്‍ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ടതെന്നും പ്രവീൺ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…..
24 മണിക്കൂറിനുള്ളില്‍ പുതിയ പതിപ്പ് സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് സ്ഥലങ്ങളില്‍ മ്യൂട്ട് ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. കലാകാരനെന്ന നിലയില്‍ അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ അംഗീകരിച്ചേ മതിയാകൂ. ചില സീനുകള്‍ ഒഴിവാക്കണമെന്ന് ആദ്യം പറഞ്ഞിരുന്നു. അത് സാധ്യമല്ലെന്ന് ഞങ്ങള്‍ കൃത്യമായി പറഞ്ഞു.
ആ സീനുകള്‍ക്ക് സിനിമയില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസിലാക്കി നിര്‍മാതാക്കള്‍ എന്റെ കൂടെ തന്നെ നിന്നു. സെൻസർ ബോർഡ് കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തെ കുറിച്ച് മെറിറ്റില്‍ സംസാരിക്കുകയാണെങ്കില്‍ ഒരുപാട് പറയാനുണ്ട്. അതില്‍ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പോലും പറയാന്‍ പറ്റാത്ത കാര്യങ്ങളാണ്. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങള്‍ സിനിമയുടെ ഉള്ളടക്കത്തെ ബാധിക്കാന്‍ സാധ്യത കുറവാണ്.
സിനിമ ഇറക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. സിനിമയുടെ പ്രൊഡക്ഷനിലുള്ളവരെല്ലാം കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി എന്റെ കൂടെ നില്‍ക്കുന്നവരാണ്. ചിത്രം റീ സെന്‍സറിങ്ങിന് നല്‍കിക്കഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി സെന്‍സര്‍ ബോര്‍ഡിനോട് പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ 18-ന് ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ കഴിയുമെന്നാണ് വിതരണക്കാര്‍ പറയുന്നത്.
content highlight: JSK Movie latest update