രാജീവ് ഗാന്ധി വധക്കേസും തുടര്‍ന്നുള്ള അന്വേഷണവും പ്രമേയമാക്കി ഒരുങ്ങിയ സീരീസ് ആണ് ‘ദി ഹണ്ട്’. മികച്ച പ്രേക്ഷക പ്രശംസയാണ് സീരീസ് നേടുന്നത്. ഏഴ് എപ്പിസോഡുകളിലായാണ് സീരീസ് പുറത്തിറങ്ങിയത്. നാഗേഷ് കുകുനൂര്‍ ആണ് സംവിധാനം സിര്‍വഹിച്ചിരിക്കുന്നത്. മികച്ച ദൃശ്യവിരുന്നൊരുക്കിയ സീരീസില്‍ രാജീവ് ഗാന്ധി വധക്കേസിലെ പ്രധാന പ്രതിയായിരുന്ന ശിവരശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളിയായ ഷഫീഖ് മുസ്തഫ ആണ്. ഇപ്പോഴിതാ ശിവരശനിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും അതിനെടുത്ത തയ്യാറെടുപ്പിനെക്കുറിച്ചും തുറന്നു പറയുകയാണ് ഷഫീഖ് മുസ്തഫ. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
ഷഫീഖ് മുസ്തഫയുടെ വാക്കുകള്‍…..
‘മുംബൈയിലെ ഒരു സുഹൃത്ത് വഴിയാണ് താന്‍ ‘ദി ഹണ്ടിലേക്ക്’ എത്തിയത്. അവനാണ് എന്റെ പേര് സീരീസിന്റെ അണിയറ പ്രവര്‍ത്തകരോട് പറയുന്നത്. പിന്നാലെ എന്നെ ഷോര്‍ട്ട്ലിസ്റ്റും ചെയ്തു. ഒരു സെല്‍ഫ് ഇന്‍ട്രോയും ഏതെങ്കിലും രംഗം അഭിനയിച്ചു കൊണ്ടുള്ള വീഡിയോയും അയക്കാനാണ് പ്രൊഡക്ഷന്‍ ഹൗസ് ആവശ്യപ്പെട്ടത്. ശേഷം മുംബൈയിലേക്ക് ലുക്ക് ടെസ്റ്റിനായി വിളിപ്പിച്ചു. ഒടുവില്‍ ശിവരശന്‍ എന്നിലേക്ക് എത്തുകയായിരുന്നു’.
‘സീരീസിലേക്ക് സെലക്ട് ആയതു മുതല്‍ വെറും 20 ദിവസം മാത്രമാണ് തയ്യാറെടുപ്പുകള്‍ക്കായി ലഭിച്ചത്. അതിനകം തന്നെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. 20 ദിവസത്തിനുള്ളില്‍ 4-5 കിലോയാണ് ഞാന്‍ വര്‍ദ്ധിച്ചത്. എല്‍.ടി.ടി.യും ശിവരശനനുമായി ബന്ധപ്പെട്ട ധാരാളം ഡോക്യുമെന്ററികളും വാര്‍ത്താ ക്ലിപ്പിംഗുകളും അഭിമുഖങ്ങളും കണ്ടു. കഥാപാത്രത്തെ കൂടുതല്‍ അടുത്തറിയാനായി വായന ശീലമുള്ള എന്റെ കുറച്ച് സുഹൃത്തുക്കളോടും ശിവരശനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഒരു നടന്റെ പ്രകടനത്തെ സംവിധായകന്‍ പുകഴ്ത്തുന്നത് ശരിക്കും പ്രചോദനമാണ്. ക്ലൈമാക്‌സ് രംഗം ഷൂട്ടിംഗ് കഴിഞ്ഞ ശേഷം സംവിധായകന്‍ തന്നെ അഭിനന്ദിച്ചുവെന്നും അത് വലിയ അനുഭവമായിരുന്നുവെന്നും ഷഫീഖ് മുസ്തഫ ഓര്‍ത്തെടുത്തു.’