അമേരിക്കയിലെ ദക്ഷിണഭാഗത്താണ് ലൂസിയാന എന്ന സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. സാംസ്കാരിക വൈവിധ്യവും പ്രകൃതിദൃശ്യങ്ങളും കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുന്ന സ്ഥലമാണ് ഇവിടം. ഗോതിക് ശൈലിയിലുള്ള ചരിത്ര കെട്ടിടങ്ങൾ ഇവിടെ കാണാൻ സാധിക്കും.
വ്യത്യസ്തതകൾ കൊണ്ട് ആരുടെയും മനസ്സ് കവരുന്ന ഇടമാണ് അമേരിക്കയിലെ . സാംസ്കാരികപരമായി ഏറെമുന്നിലാണ് ഈ സംസ്ഥാനം. പ്രകൃതി, ചരിത്രം, സംസ്കാരം, ഭക്ഷണം എന്നുതുടങ്ങി ഒരുപാട് കാര്യങ്ങളെ പറ്റി കൂടുതൽ അറിയാനും ലൂസിയാന മികച്ച സ്ഥലമാണ്. ശരത്കാലത്തിലാണ് ലൂസിയാന ഏറ്റവും കൂടുതൽ മനോഹരിയായിരിക്കുന്നത്.
ഇവിടെ കാണാൻ നിരവധി സ്ഥലങ്ങളുണ്ട്.ഗോതിക് ശൈലിയിലുള്ള കെട്ടിടമായ പഴയ സ്റ്റേറ്റ് കാപ്പിറ്റോൾ ഇവിടത്തെ പ്രധാന ആകർഷണമാണ്. കെട്ടിടത്തിനുള്ളിലെ ചുരുണ്ട ഗോവണിപ്പടിയും പ്രധാന കാഴ്ച തന്നെയാണ്. ഈ സ്ഥലത്തെ ചുറ്റിപറ്റി ചില അന്ധവിശ്വാസങ്ങളും ഉണ്ട്.
മനോഹരമായ ഓക്ക് മരങ്ങളും തെക്കൻ സ്പാനിഷ് മോസ്സും കൊണ്ട് നിറഞ്ഞ ബാറ്റൺ റൂജിനും ന്യൂ ഓർലിയൻസിനും ഇടയിലുള്ള 70 മൈൽ ദൂരമുള്ള ഒരു പാതയുണ്ട്. അത് തന്നെയാണ് ഇവിടത്തെ മറ്റൊരു ആകർഷണം. ഈ പാതയിലൂടെയുള്ള യാത്ര ഒരിക്കലും മറക്കാനാകാത്തതാണ്. പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ പറ്റുന്ന ഈ സ്ഥലങ്ങൾ ഫോട്ടോ എടുക്കാനും അനുയോജ്യമാണ്.
സംസ്ഥാനത്തിന്റെ തെക്കേ ഭാഗത്തായി കല ഇഷ്ടപ്പെടുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ ഒരു സ്ഥലമുണ്ട്. വിവിധ ശിൽപങ്ങൾ മാത്രമുള്ള ഒരു ഉദ്യാനമാണിത്. നൂറിലധികം ശിൽപങ്ങളാണ് ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കെന്നി ഹിൽ എന്നു പറയുന്ന കലാകാരനാണ് ഈ സൃഷ്ടികൾക്കു പിന്നിലെന്നും അദ്ദേഹം ഉപേക്ഷിച്ചു പോയതാണ് ഇവയെല്ലാം എന്നുമാണ് പറയപ്പെടുന്നത്. ഇതിനടുത്തായി ചെറിയൊരു മ്യൂസിയവും ഉണ്ട്. ഭക്ഷണവും ഇവിടെ എക്സ്പ്ലോർ ചെയ്യേണ്ട ഒന്നാണ്.