Entertainment

ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’ പിറന്നിട്ട് ഇന്നേക്ക് 10 വർഷം; ഒക്ടോബറിൽ വീണ്ടും തീയേറ്ററുകളിൽ

പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം ‘ബാഹുബലി’ പിറന്നിട്ട് ഇന്നേക്ക് 10 വർഷം പിന്നിട്ടിരിക്കുന്നു. 2015 ജൂലായ് 10-നാണ് ‘ബാഹുബലി: ദി ബിഗിനിംഗ്’ പുറത്തിറങ്ങിയത്. ഇപ്പോഴിതാ രണ്ട് ഭാഗങ്ങളും സംയോജിപ്പിച്ച് വീണ്ടും തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നു.

2017 ൽ ബാഹുബലി: ദി കൺക്ലൂഷനും. രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ലോകമെമ്പാടുമായി 2,460 കോടിയിലധികം രൂപയാണ് രണ്ട് ചിത്രങ്ങളും നേടിയത്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ ദഗ്ഗുബതി എന്നിവർ അഭിനയിച്ച ഈ ചിത്രങ്ങൾ ചരിത്രം സൃഷ്ടിക്കുകയും ഇന്ത്യൻ സിനിമക്ക് ഒരു വഴിത്തിരിവായി മാറുകയും ചെയ്തു.

‘ബാഹുബലി… നിരവധി യാത്രകളുടെ തുടക്കം, എണ്ണമറ്റ ഓർമകൾ, അനന്തമായ പ്രചോദനം 10 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു…2025 ഒക്ടോബർ 31ന് രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റഭാഗമായി റിലീസ് ചെയ്യും. ഇതൊരു നാഴികക്കല്ലാണ്’എന്നാണ് രാജമൗലി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

രാജമൗലിയുടെയും പ്രഭാസിന്‍റെയും മാഗ്നം ഓപസായ, ഇന്ത്യൻ സിനിമയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രമായിരുന്നു ബാഹുബലി. 2013 ജൂലൈ ആറിനാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ആദ്യ ഭാഗത്തിന്‍റെ റിലീസിന് ശേഷം രണ്ട് വർഷങ്ങൾ കഴിഞ്ഞ് ബാഹുബലി: ദ കൺക്ലൂഷൻ എന്ന പേരിൽ ബാഹുബലിയുടെ രണ്ടാം ഭാഗവും തിയറ്ററിൽ ഹിറ്റായി. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്. അതേ ഹൈപ്പ് റീ റിലീസിനും ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്.