ജന്തുജാലങ്ങളുടെയും സസ്യജാലങ്ങളുടെയും കലവറയാണ് ഭൂമി. ഇനിയും ഒട്ടനവധി ജന്തുക്കളെ കണ്ടെത്താനും അറിയാനും ഉണ്ട്. ഇപ്പോഴിതാ
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയായ അരുണാചൽപ്രദേശിൽനിന്ന് പുതിയ ഇനം തവളയെ ഗവേഷകർ കണ്ടെത്തി. നീല അസ്ഥികളും പച്ചരക്തവുമുള്ള തവളയെ ഡൽഹി സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്.
തെക്കുകിഴക്കൻ ഏഷ്യ, മഡഗാസ്കർ, തെക്കേഅമേരിക്ക എന്നീ വിദൂരപ്രദേശങ്ങൾ ഉൾപ്പെട്ട ലോകത്തിെൻറ മറ്റ്ഭാഗങ്ങളിലെ ചുരുക്കം ചില സ്പീഷീസുകളിൽ മാത്രം അറിയപ്പെടുന്ന ഈ സവിശേഷ സ്വഭാവം പ്രകടിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ തവളയാണിത്. കണ്ടെത്തലുകൾ സൂടാക്സ (Zootaxa) ജേണലിൽ പ്രസിദ്ധീകരിച്ചു.
നിലവിൽ ഏഷ്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന 16 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന റാക്കോ ഫോറിഡേ (Rhacophoridae) കുടുംബത്തിലെ ഒരുകൂട്ടം മരത്തവളകളാണ് ഗ്രാസിക്സലസ് (Gracixalus) . ഈ ഗ്രൂപ്പിനെ അടുത്തിടെ ഇന്ത്യയിൽനിന്ന് കണ്ടെത്തി. ഇതുവരെ ഗ്രാസിക് സലസ്പാട്കയൻസിസ് (Gracixalus patkaiensis; പട്കായ് പച്ചമരത്തവള) എന്ന ഒറ്റ സ്പീഷീസ് ആണ് ഇതിനെ പ്രതിനിധീകരിക്കുന്നത്. ഇന്ത്യയിൽ മറ്റൊരു സ്പീഷീസ് കൂടെ ഉണ്ടെന്നുമാത്രമല്ല, ഗ്രാസിക് സലസ്മെഡോജെൻസിസും (Gracixalus medogensis; മെഡോഗ് ചെറിയമരത്തവള) ഉണ്ട്, മാത്രമല്ല അവയിലൊന്ന് നിഗൂഢമായ സ്വഭാവമുള്ളതാണ്.
ഇന്ത്യയിലെ നീല അസ്ഥികളും പച്ച രക്തവുമുള്ള ആദ്യത്തെ തവള
2022-ൽ ഇന്ത്യയിലെ നംദാഫ നാഷണൽ പാർക്കിൽനിന്ന് പട്കായ് പച്ചമരത്തവളയെ ഔപചാരികമായി കണ്ടെത്തിയത്. ഈ ഇനത്തെക്കുറിച്ച് പഠിക്കുന്നതിനിടെ, ഡൽഹി സർവകലാശാലയിലെ പ്രൊഫസറും മലയാളിയുമായ എസ്.ഡി. ബിജുവിെൻറ നേതൃത്വത്തിലുള്ള ഗവേഷകസംഘം മറ്റൊരു ആവേശകരമായ കണ്ടെത്തൽ കൂടെ കണ്ടെത്തി. തവളുടെ നീല അസ്ഥികളും പച്ചരക്തവുമായിരുന്നു ആ സവിശേഷത.
“മുളങ്കൂട്ടത്തിൽ നിന്ന് വിസിൽ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ഈ ചെറിയ തവളകളെ കണ്ടെത്തുന്നത് എളുപ്പമല്ല. ഒടുവിൽ ഒന്നിനെ കണ്ടെത്തിയപ്പോൾ, തവളയുടെ പൂർണമായും അർദ്ധസുതാര്യമായ ശരീരവും ബാഹ്യമായി കാണാവുന്ന നീല അസ്ഥികളും പച്ചരക്തവും കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടെന്ന് എസ്.ഡി. ബിജു പറയുന്നു. ഇന്ത്യൻ ഉഭയജീവികളെക്കുറിച്ചുള്ള എെൻറ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ പഠനങ്ങളിൽ ഇന്ത്യയിൽ എവിടെയും ഇത്തരമൊരു തവളയെ ഞാൻ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇന്ത്യ 420-ലധികം ഇനം തവളകളുടെ ആവാസകേന്ദ്രമാണ്, ഈ സ്വഭാവം കാണിക്കുന്ന ഒരേയൊരു തവള പട്കായ് പച്ച മരത്തവളയാണ്. ടർക്കോയ്‌സ് അസ്ഥികളുടെയും പച്ചരക്തത്തിെൻറയും സാന്നിധ്യം ആഗോളതലത്തിൽ അപൂർവമാണ്. ഏഷ്യയിൽ വിയറ്റ്നാം, ലാവോസ്, ദക്ഷിണ ചൈന എന്നിവിടങ്ങളിൽനിന്നുള്ള ഗ്രാസിക്സലസ് ജനുസ്സിലെ മറ്റ് മൂന്ന് സ്പീഷീസുകൾ ഉൾപ്പെടെ, രണ്ട് മരത്തവള ജനുസ്സുകൾ മാത്രമേ ഈ സ്വഭാവം കാണിക്കുന്നുള്ളൂ.
സമാനമായ തെക്കേഅമേരിക്കൻ തവളകളെക്കുറിച്ചുള്ള പഠനങ്ങൾ അത്തരമൊരു സ്വഭാവത്തിെൻറ ജൈവരാസ അടിസ്ഥാനവും സാധ്യതയുള്ള പാരിസ്ഥിതിക പ്രാധാന്യവും പരിശോധിച്ചിട്ടുണ്ട്. ഇത് ഈ തവളകൾക്ക് ചില പരിണാമപരമായ നേട്ടങ്ങൾ നൽകുന്നുണ്ടാകാം, കൂടാതെ ഇന്ത്യയിൽനിന്നുള്ള ഈ പുതിയ കണ്ടെത്തലിെൻറ കാര്യത്തിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണങ്ങൾ ആവശ്യമാണ്.
ലോകത്ത് മറ്റൊരിടത്തും കാണാത്ത നിരവധി തദ്ദേശീയ ജീവിവർഗങ്ങളുടെ ആവാസകേന്ദ്രമായ അരുണാചൽപ്രദേശിലെ ഉഭയജീവികളെക്കുറിച്ചുള്ള ബിജുവിെൻറ വിദ്യാർത്ഥിയായ തേജ് ടാജോയുടെ (Tage Tajo) പി.എച്ച്ഡി ഗവേഷണത്തിെൻറ ഭാഗമായാണ് ഈ പ്രവർത്തനം ഏറ്റെടുത്തത്.
ഇന്ത്യക്ക് പുതിയ മറ്റൊരു ചൈനീസ് ഇനം
അരുണാചൽ പ്രദേശിലെ ലോവർ സുബൻസിരി, ലോവർ ദിബാംഗ്വാലി പ്രദേശങ്ങളിലെ ഫീൽഡ് സർവേകളിൽ, സംഘം മറ്റൊരു സ്പീഷീസിെൻറ രണ്ട് പുതിയ കൂട്ടം കണ്ടെത്തി, ശാസ്ത്രീയമായി ഗ്രാസിക് സലസ്മെഡോ ജെൻസിസ് എന്നറിയപ്പെടുന്ന മെഡോഗ് ചെറിയ മരത്തവളയുടെ വിഭാഗങ്ങളാണ് കണ്ടെത്തിയത്. 1984-ൽ ചൈനയിലെ ടിബറ്റിലെ മെഡോഗ േഖലയിൽനിന്നാണ് ഈ ഇനത്തെ ആദ്യമായി കണ്ടെത്തിയത്, ഒരൊറ്റ സാമ്പിൾ (specimen) അടിസ്ഥാനമാക്കിയാണ് ഇത് വിവരിച്ചത്, അതിനെക്കുറിച്ചുള്ള അറിവ് പരിമിതമായിരുന്നു. അരുണാചൽ പ്രദേശിൽ നിന്നുള്ള കൂട്ടമാണ് ഇന്ത്യയിൽനിന്നുള്ള ഈ ഇനത്തിെൻറ ആദ്യ റെക്കോർഡ്, അവയുടെ ബാഹ്യരൂപവും ഡി.എൻ.എയിലെ സമാനതകളും, അതുപോലെതന്നെ ഈ ഇനത്തിെൻറ സവിശേഷമായ വിസിൽ വിളിയിലെ സവിശേഷ സ്വഭാവവും അടിസ്ഥാനമാക്കിയാണ് ഇത് സ്ഥിരീകരിക്കുന്നത്.
ഒന്നിലധികം മാനദണ്ഡങ്ങൾ ഉപയോഗിച്ച് ജീവിവർഗങ്ങളെ മനസ്സിലാക്കുന്നത് അവയുടെ ജീവശാസ്ത്രത്തെയും സംരക്ഷണ ആവശ്യകതകളെയും കുറിച്ചുള്ള നമ്മുടെ അറിവ് വികസിപ്പിക്കുന്നു. ഇന്ത്യയുടെ സവിശേഷമായ ഉഭയജീവി ജന്തുജാലങ്ങളെ രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും മുൻഗണന നൽകേണ്ടതുണ്ടെന്ന് അത്തരം പുതിയ കണ്ടെത്തലുകൾ കൂടുതൽ അടിവരയിടുന്നു.