ടെന്നിസ് താരം രാധിക യാദവിനെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമിൽ ആണ് സംഭവം. രാധികയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ വെച്ചാണ് പിതാവ് രാധികയെ വെടിവച്ചത്.
അച്ഛനാണ് മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. രാധികയ്ക്കുനേരെ പിതാവ് അഞ്ചുവട്ടം നിറയൊഴിച്ചു. മൂന്ന് വെടിയുണ്ടകള്‍ രാധികയുടെ നെഞ്ചുതുളച്ചുകയറി. ഹരിയാനയിലെ ഗുരുഗ്രാം സെക്ടര്‍ 57ലെ സുശാന്ത് ലേക് ഫെയ്സ് ടുവിലുള്ള രാധികയുടെ വീടിന്‍റെ ഒന്നാംനിലയിലാണ് കൊലപാതകം നടന്നത്. റീല്‍സ് നിര്‍മിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് അച്ഛന്‍ രാധികയെ വെടിവച്ചതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. രാവിലെ പത്തരയോടെയാണ് സംഭവം. രാധികയുടെ അച്ഛന്‍ ദീപക് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെടിയേറ്റ രാധികയെ ബന്ധുക്കള്‍ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചികില്‍സയ്ക്കിടെ രാധിക മരിച്ചു. ആശുപത്രിയില്‍ നിന്നാണ് വിവരം അറിഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആശുപത്രിയിലുണ്ടായിരുന്ന രാധികയുടെ അമ്മാവനോട് കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും അദ്ദേഹം ഒന്നും സംസാരിച്ചില്ല. പിന്നീട് രാധികയുടെ വീട്ടിലെത്തിയപ്പോള്‍ അവിടെയുള്ളവരാണ് വെടിവയ്പ്പ് നടന്ന വിവരവും അച്ഛനാണ് വെടിവച്ചത് എന്ന കാര്യവും പറഞ്ഞതെന്ന് സെക്ടര്‍ 57 പൊലീസ് സ്റ്റേഷനിലെ ഇന്‍–ചാര്‍ജ് അറിയിച്ചു.
ഹരിയാനയിലെ അറിയപ്പെടുന്ന സംസ്ഥാനതല ടെന്നിസ് താരമാണ് രാധിക യാദവ്. ദേശീയതലത്തിലെ മല്‍സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ടൂര്‍ണമെന്‍റുകളില്‍ മല്‍സരിച്ചിരുന്നതിനൊപ്പം ടെന്നിസ് അക്കാദമിയും നടത്തിയിരുന്നു.