കേരള സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്. വി സി മോഹനന്‍ കുന്നുമ്മലിനെ തള്ളി കേരള സര്‍വകലാശാല ആസ്ഥാനത്ത് എത്തി ഫയലുകള്‍ തീര്‍പ്പാക്കി രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍. രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റി വയ്ക്കണമെന്ന് വിസി നിര്‍ദേശം നല്‍കി. വിലക്ക് ലംഘിച്ച് ഓഫീസില്‍ പ്രവേശിച്ചതില്‍ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെതിരെ സുരക്ഷ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ദിവസങ്ങള്‍ കഴിയുന്തോറും കേരള സര്‍വകലാശാല ഭരണ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തരുതെന്നും വൈസ് ചാന്‍സിലര്‍ നിര്‍ദേശിച്ചു.
കൂടാതെ രജിസ്ട്രാരുടെ ചേമ്പറിലേക്ക് ആരെയും കടത്തി വിടരുതെന്ന ഉത്തരവ് സുരക്ഷാ ജീവനക്കാര്‍ക്കും വൈസ് ചാന്‍സിലര്‍ നല്‍കി. പക്ഷേ ഈ രണ്ടു ഉത്തരവും പാലിക്കപ്പെട്ടില്ല. കെ എസ് അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ തിരിച്ചെടുത്ത് ഫയലുകളും തീര്‍പ്പാക്കി തുടങ്ങി. ഇതോടെ മോഹന്‍ കുന്നുമ്മേല്‍ തുടര്‍നടപടി തുടങ്ങി. രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവെക്കണം. തനിക്ക് കെ എസ് അനില്‍കുമാര്‍ നോക്കുന്ന ഫയലുകള്‍ അയക്കരുത്.
അടിയന്തര ഫയലുകള്‍ ഉണ്ടെങ്കില്‍ ജോയിന്റ് രജിസ്റ്റര്‍മാര്‍ നേരിട്ട് തനിക്ക് അയക്കണമെന്നും മോഹനന്‍ കുന്നുമ്മല്‍ നിര്‍ദേശിച്ചു. രജിസ്ട്രാരുടെ ചേമ്പറിലേക്ക് പോകരുതെന്ന വിസിയുടെ നിര്‍ദേശം അനില്‍കുമാറിനെ അറിയിച്ചെങ്കിലും അത് അനുസരിക്കാതെയാണ് ചേമ്പറിലേക്ക് പോയതൊന്നും റിപ്പോര്‍ട്ട് നല്‍കി. സെക്യൂരിറ്റി ഓഫീസര്‍ വൈസ് ചാന്‍സിലര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. മിനി കാപ്പന് രജിസ്ട്രാരുടെ ചുമതല നല്‍കി ഇന്ന് ഉത്തരവ് ഇറക്കിയിരുന്നു. പക്ഷേ നടപ്പായില്ല.
STORY HIGHLIGHT : Kerala university conflict between vice chancellor and registrar