ഹോളിവുഡ് താരം ആഞ്ജലീന ജോളിയുടെ സ്വകാര്യ സന്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് മുന്‍ പങ്കാളിയും നടനുമായ ബ്രാഡ് പിറ്റ്. കാലിഫോര്‍ണിയയിലെ സുപീരിയര്‍ കോര്‍ട്ടിലാണ് നടൻ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
വിവാഹമോചനത്തെത്തുടര്‍ന്ന്, ഇരുവരുടേയും ഉടമസ്ഥതയിലുണ്ടായ വൈനറിയുടെ വില്‍പ്പന സംബന്ധിച്ച നിയമപ്രശ്‌നങ്ങളുടെ ഭാഗമായാണ് ബ്രാഡ് പിറ്റിന്റെ പുതിയ നടപടി. 2008-ല്‍ ഇരുവരും ചേര്‍ന്ന് ഫ്രാന്‍സിലെ വൈനറിയായ ഷാറ്റോ മിറാവല്‍ വാങ്ങിയിരുന്നു. 2014-ല്‍ വിവാഹിതരായ ഇരുവരും രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം 2016 സെപ്റ്റംബറില്‍ വിവാഹമോചിതരായി. 2022-ല്‍ തന്റെ അനുമതിയില്ലാതെ ആഞ്ജലീന ജോളി ഷെയറുകള്‍ സ്‌റ്റോലി ഗ്രൂപ്പിന് വിറ്റുവെന്ന് കാണിച്ച് ബ്രാഡ് പിറ്റ് കോടതിയെ സമീപിച്ചു. എന്നാല്‍, വിവാഹമോചനത്തെത്തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് പിറ്റിന്റേത് എന്നായിരുന്നു ആഞ്ജലീനയുടെ വാദം.
എന്നാല്‍, ഈ നിയമയുദ്ധത്തില്‍ ആഞ്ജലീനയുടെ സ്വകാര്യ ചാറ്റുകള്‍ സുപ്രധാനതെളിവാണെന്ന് അവകാശപ്പെട്ടാണ് പിറ്റ് കോടതിയെ സമീപിച്ചത്. സ്റ്റോലി ഗ്രൂപ്പിലെ അലക്‌സി ഒലിയിന്‍നിക്കിനെ നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്നും പിറ്റ് ആവശ്യപ്പെടുന്നു. ആഞ്ജലീനയുടേയും അവരുടെ ടീമുമായുള്ള ചര്‍ച്ചകളെക്കുറിച്ച് അലക്‌സിക്ക് അറിവുണ്ടായിരുന്നുവെന്ന് പിറ്റ് ചൂണ്ടിക്കാണിക്കുന്നു. ബ്രാഡ് പിറ്റ് എതിര്‍ക്കുന്നുവെന്ന് അറിഞ്ഞിട്ടും സ്റ്റോലിക്ക് വില്‍പ്പന നടത്തിയതില്‍ ആഞ്ജലീന ജോളി ദുരുദ്ദേശത്തോടെ പ്രവര്‍ത്തിച്ചുവെന്നും പിറ്റിന്റെ ടീം അവകാശപ്പെടുന്നു.