ഗോൾഫ് ജിടിഐയുടെ പുതിയ കാമ്പെയ്‌നിന്റെ മുഖമായി ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ. ഹോട്ട് ഹാച്ച്ബാക്കിന്റെ ബ്രാന്റ് അംബാസിഡറായി ഫോക്‌സ്‌വാഗൺ ജസ്പ്രീത് ബുംറയെ തിരഞ്ഞെടുത്തു.
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിൽ എത്തിച്ചതില്‍ ഏറ്റവും ഉയര്‍ന്ന സ്വീകാര്യത ലഭിക്കുന്ന വാഹനമാണ് ഗോള്‍ഫ് ജിടിഐ. ആദ്യബാച്ചില്‍ എത്തിയ 150 യൂണിറ്റും ചൂടപ്പം പോലെയാണ് വിറ്റു തീര്‍ന്നത്. ഭാവി വില്‍പ്പനയുടെയും കുതിപ്പ് ഉറപ്പാക്കുന്നതിനായി സുപ്രധാന ചുവടുവയ്പ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ.
ഗോള്‍ഫ് ജിടിഐ എന്ന ഹോട്ട് ഹാച്ച്ബാക്കിന്റെ ബ്രാന്റ് അംബാസിഡറായാണ് ബുംറ ഫോക്‌സ്‌വാഗണില്‍ എത്തിയിരിക്കുന്നത്. കൃത്യതയുള്ള എന്‍ജിനീയറിങ്ങും അത്‌ലറ്റിക് കൃത്യതയും തമ്മിലുള്ള ക്രിയേറ്റീവ് അലെയ്ന്‍മെന്റ് എന്നാണ് ഈ പങ്കാളിത്തത്തെ ഫോക്‌സ്‌വാഗണ്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ കൂടിച്ചേരല്‍ പ്രകടനങ്ങള്‍ക്കപ്പുറവും ഞങ്ങളുടെ മോട്ടോര്‍ സ്‌പോര്‍ട്ട് ഡിഎന്‍എയുടെ പ്രസ്താവനയുമാണെന്നും ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ മേധാവി നിതിന്‍ കോഹ്‌ലി അഭിപ്രായപ്പെട്ടു.
യഥാര്‍ഥ പ്രകടനം സ്ഥിരതയുള്ളതായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഗോള്‍ഫ് ജിടിഐയുമായുള്ള എന്റെ സഹകരണം വളരെ സ്വാഭാവികമായ ഒന്നാണ്. ഈ വാഹനത്തിന്റെ കരുത്തും കൃത്യയും കൊണ്ടുതന്നെ ദീര്‍ഘകാലമായി ഞാന്‍ ആരാധിക്കുന്ന ഒരു വാഹനമാണ് ഗോള്‍ഫ് ജിടിഐ. ഏറ്റവും മികച്ച പ്രകടനത്തിന്റെ പ്രതീകവുമായുള്ള സഹകരണം ഏറെ അഭിമാനത്തോടെയാണ് സ്വീകരിച്ചതെന്നുമാണ് ബുംറ പ്രതികരിച്ചത്.
ഫോക്സ്‌വാഗണില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന രണ്ടാമത്തെ ജിടിഐ മോഡലാണ് ഗോള്‍ഫ്. മുമ്പ് പോളോയുടെ ത്രീ ഡോര്‍ ജിടിഐ മോഡല്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. ഫോക്സ്വാഗണിന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 265 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 5.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഗോള്‍ഫിനുണ്ട്.
ഇലക്ട്രിക്കലി കണ്‍ട്രോള്‍ ചെയ്യാവുന്ന ഡിഫറന്‍ഷ്യല്‍ ലോക്ക് നല്‍കിയിട്ടുള്ളത് ഗോള്‍ഫ് ജിടിഐയുടെ സവിശേഷതയാണ്. ഓപ്ഷണല്‍ അഡാപ്റ്റീവ് സസ്പെന്‍ഷനും ഇതിലുണ്ട്. മാട്രിക്സ് എല്‍ഇഡി ഹെഡ്ലാമ്പ്, ത്രീ ഡി എല്‍ഇഡി ടെയില്‍ലാമ്പ്, 18 ഇഞ്ച് റിച്ച് മൗണ്ട് ഡയമണ്ട് കട്ട് അലോയ് വീല്‍, ജിടിഐ ബാഡ്ജുകള്‍, മുന്നില്‍ നല്‍കിയിട്ടുള്ള ഫോക്സ്വാഗണ്‍ ലോഗോയ്ക്ക് മുകളിലും ബ്രേക്ക് കാലിപ്പറുകളിലും റെഡ് ഇല്ല്യുമിനേറ്റിങ് എലമെന്റുകള്‍ എന്നിവയാണ് ഈ വാഹനത്തിന് സ്പോര്‍ട്ടി ഭാവമേകുന്നത്.
ഫോക്സ്വാഗണ്‍ ഇന്ത്യയുടെ വാഹന നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയ ടിഗ്വാന്‍ ആര്‍-ലൈനിന്റെ അകത്തളവുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ഇന്റീരിയറാണ് ഗോള്‍ഫിലേതും. 15 ഇഞ്ച് വലിപ്പത്തിലുള്ള ഫ്രീ സ്റ്റാന്റിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റ, 10.3 ഇഞ്ച് വലിപ്പത്തില്‍ തീര്‍ത്തിരിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ജിടിഐ സ്പെക് സ്റ്റിയറിങ് വീല്‍, സ്പോര്‍ട്സ് സീറ്റുകള്‍, ആഗോള മോഡലുകളില്‍ നല്‍കിയിട്ടുള്ള ടാര്‍ടന്‍ സീറ്റ് അപ്ഹോള്‍സ്റ്ററി തുടങ്ങിയവയാണ് അകത്തളത്തില്‍ നല്‍കുന്നത്.